പഞ്ചാബ് പ്രതിസന്ധിക്കിടെ നേതാക്കളോട് പൊതു സംസാരം കുറക്കാനാവശ്യപ്പെട്ട് കോൺഗ്രസ്
|"പഞ്ചാബിൽ ഒരു നേതൃമാറ്റം വേണമെന്നത് എം.എൽ.എ മാരുടെ ആവശ്യമായിരുന്നു. അതാണ് ഞങ്ങൾ ചെയ്തത്."
പഞ്ചാബിൽ പാർട്ടി പ്രതിസന്ധിയിൽപെട്ട ഉഴലുന്നതിനിടെ നേതാക്കൾ പൊതു സംസാരം കുറക്കാനും പാർട്ടിക്കകത്തെ സംസാരം കൂട്ടാനും ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ . പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ കോൺഗ്രസ് ഭടൻ എന്ന് വിശേഷിപ്പിച്ച അവർ കോൺഗ്രസ് വിടാനുള്ള തന്റെ തീരുമാനം അദ്ദേഹം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
" ഏറെ ആദരിക്കപ്പെട്ട കോൺഗ്രസ് നേതാവാണ് അമരീന്ദർ സിങ്. വളരെയേറെക്കാലം കോൺഗ്രസ് നേതാവും ഒൻപത് വർഷം മുഖ്യമന്ത്രിയുമായ വ്യക്തിയാണ് അദ്ദേഹം. മാറ്റമെന്നത് ജീവന്റെ ഭാഗമാണ്. പഞ്ചാബിൽ ഒരു നേതൃമാറ്റം വേണമെന്നത് എം.എൽ.എ മാരുടെ ആവശ്യമായിരുന്നു. അതാണ് ഞങ്ങൾ ചെയ്തത്." സുപ്രിയ ശ്രിനാതെ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിങിനെ മാറ്റിയതിനെ തുടർന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നവജ്യോത് സിങ് സിദ്ദു രാജിവെച്ചതിനെ തുടർന്നും പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുകയാണ്. കോൺഗ്രസിൽ തുടരില്ലെന്ന് പറഞ്ഞ അമരീന്ദർ സിങ് താൻ ബി.ജെ.പിയിലേക്ക് പോവുകയില്ലെന്നും വ്യക്തമാക്കി. പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ദു രാജിവെച്ചത് അഭിപ്രായവ്യത്യാസം മൂലമാണെന്ന് പറഞ്ഞ സുപ്രിയ ശ്രിനാതെ അദ്ദേഹം ശ്രേഷ്ഠനായ സഹപ്രവർത്തകനാണെന്നും പറഞ്ഞു.