'ലൈംഗികാതിക്രമം നടത്തുന്നവർക്ക് സിനിമയിൽ അഞ്ച് വർഷം വിലക്ക്'; പ്രമേയം പാസാക്കി നടികർ സംഘം
|പരാതിയുമായി രംഗത്തെത്തുന്നവർക്ക് നിയമസഹായം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.
ചെന്നൈ: ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം. ഇതടക്കമുള്ള നിർദേശങ്ങളും തീരുമാനങ്ങളും ഉൾപ്പെടുത്തി നടികർ സംഘം പ്രമേയം പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ഉയർത്തിക്കാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
നടികർ സംഘവും അതിൻ്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയും (ജിഎസ്ഐസിസി) ചെന്നൈയിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങളാണ് യോഗം പാസാക്കിയത്.
പരാതി അന്വേഷണത്തിനു ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളിൽ പ്രധാനം. ഈ ശിപാർശ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറും. പരാതിയുമായി രംഗത്തെത്തുന്നവർക്ക് നിയമസഹായം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ പാസാക്കിയ പ്രമേയങ്ങൾ സെപ്തംബർ എട്ടിന് ചേരുന്ന നടികർ സംഘത്തിൻ്റെ ജനറൽ കമ്മിറ്റി യോഗത്തിൽ കൂടുതൽ ചർച്ച ചെയ്യുമെന്ന് നടി ഖുശ്ബു സുന്ദർ പറഞ്ഞു. ഏഴ് പ്രമേയങ്ങളാണ് യോഗത്തിൽ നടികർ സംഘം പാസാക്കിയത്.
1) ലൈംഗികാതിക്രമവും അനുബന്ധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഏത് പരാതിയും സമഗ്രമായി അന്വേഷിക്കും. ശരിയാണെന്ന് കണ്ടെത്തിയാൽ, കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കുന്നതിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ശിപാർശ ചെയ്യും.
2) പരാതിക്കാർക്ക് ആവശ്യമായ എല്ലാ നിയമസഹായവും സമിതി നൽകും.
3) ആരോപണവിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. അതിനുശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കും.
4) കമ്മിറ്റിയുടെ നിലവിലുള്ള ഫോൺ നമ്പറിലൂടെയോ ഇ-മെയിൽ ഐഡിയിലൂടെയോ വ്യക്തികൾക്ക് അവരുടെ പരാതികൾ അറിയിക്കാം.
5) പരാതികൾ ഉള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം കമ്മിറ്റിയെ നേരിട്ട് അറിയിക്കണം.
6) അഭിനേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ യൂട്യൂബ് ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ആക്ഷേപകരമോ അപകീർത്തികരമോ ആയ ഉള്ളടക്കത്തിനെതിരെ സൈബർക്രൈം പരാതികൾ നൽകാൻ ആഗ്രഹിക്കുന്നവരെ കമ്മിറ്റി പൂർണമായി പിന്തുണയ്ക്കും.
7) ജിഎസ്ഐസിസിയുടെ പ്രവർത്തനങ്ങൾ നടികർ സംഘം നേരിട്ട് നിരീക്ഷിക്കും.
കൂടാതെ, പരാതികൾ കൈകാര്യം ചെയ്യാനും പരാതിക്കാർക്ക് നിയമപരമായ പിന്തുണ നൽകാനുമായി ജിഎസ്ഐസിസിയിലേക്ക് ഒരു അഭിഭാഷകനെ നിയമിക്കാനും നടികർ സംഘം തീരുമാനിച്ചു.
മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരെ സ്ത്രീകള്‍ ചെരിപ്പൂരി അടിക്കണമെന്ന് തമിഴ് നടനും നിര്‍മാതാവും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാല്‍ നേരത്തെ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെ മലയാള നടന്മാർക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയരുകയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു നടന്റെ പ്രതികരണം.
സംഭവമുണ്ടായാൽ ഉടൻ പരാതിപ്പെടണം. പരാതി നൽകാൻ വൈകരുത്, എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമം കൃത്യമായി നിലകൊണ്ടാലേ മോശമായി പെരുമാറുന്ന ആളുകള്‍ക്ക് ഭയം വരൂ. ഭയം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത്. കേരളത്തിലെ ഹേമ കമ്മിറ്റി പോലെ തമിഴ്നാട്ടിലും കമ്മിറ്റി രൂപീകരിക്കുമെന്നും വിശാൽ വ്യക്തമാക്കിയിരുന്നു.