India
ഡിഎംകെ ഓഫീസ് ഉദ്ഘാടനത്തിനിടെ വനിതാ എംപിയുടെ ഐ ഫോൺ മോഷണം പോയി
India

ഡിഎംകെ ഓഫീസ് ഉദ്ഘാടനത്തിനിടെ വനിതാ എംപിയുടെ ഐ ഫോൺ മോഷണം പോയി

Web Desk
|
3 April 2022 5:04 AM GMT

ഡൽഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഡിഎംകെ ഓഫീസ് ഉദ്ഘാടനച്ചടങ്ങിനിടെ പാർട്ടി വനിതാ എംപി തമിഴച്ചി തങ്കപാണ്ഡ്യന്റെ ഐ ഫോൺ മോഷണം പോയി. ദക്ഷിണ ചെന്നൈ മണ്ഡലത്തിൽ എംപിയാണ് സുമതി എന്നറിയപ്പെടുന്ന തമിഴച്ചി തങ്കപാണ്ഡ്യൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ള വിഐപികൾ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.

സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഫോൺ മോഷണം പോയത് പൊലീസിനെ കുഴക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത് എന്നാണ് കൗതുകകരം.



പ്രതിപക്ഷ ഐക്യവേദി

ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നിരവധി നേതാക്കൾ വേദിയിൽ ഒന്നിച്ചു.

തൃണമൂൽ കോൺഗ്രസ്, ടിഡിപി, സിപിഐ, ബിജെഡി, ശിരോമണി അകാലിദൾ നേതാക്കളും ചടങ്ങിനെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ സോണിയാ ഗാന്ധിയാണ് ഓഫീസിന്റെ ഒരുഭാഗം ഉദ്ഘാടനം ചെയ്തത്. ഓഫീസിലെ വിളക്കിൽ ആദ്യം നാളം പകർന്നതും സോണിയയായിരുന്നു. തമിഴ്നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്.

മഹുവ മൊയ്ത്ര എംപിയാണ് ടിഎംസിയെ പ്രതിനിധീകരിച്ചെത്തിയത്. ടിഡിപിയിൽ നിന്ന് രാംമോഹൻ നായിഡു, കെ രവീന്ദ്രകുാമർ, സിപിഐയിൽനിന്ന് ഡി രാജ, ബിജെഡിയിൽനിന്ന് അമർ പട്നായിക്, ശിരോമണി അകാലിദളിന്റെ ഹർസിമ്രത് ബാദൽ എന്നിവരും ചടങ്ങിനെത്തി. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ അടക്കം നിരവധി ഡിഎംകെ നേതാക്കളും സന്നിഹിതരായിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ കുറിച്ചുള്ള, കരുണാനിധി എ ലൈഫ് എന്ന പുസ്തകവും ചടങ്ങിൽ പ്രകാശിതമായി. അണ്ണാ കലൈഞ്ജർ അറിവാലയം എന്നാണ് ഓഫിസിന്റെ പേര്.

മോദി സർക്കാറിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഓഫീസ് ഉദ്ഘാടനം. 24 എംപിമാരുള്ള ഡിഎംകെ ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ്. പ്രതിപക്ഷ നിരയിലെ രണ്ടാമനും.

Similar Posts