ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നു; ഗവര്‍ണര്‍ക്കെതിരെ തമിഴ്നാട് സുപ്രിംകോടതിയില്‍
|നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണർ വൈകിപ്പിക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
ഡല്‍ഹി: ഗവർണർ ആർ.എൻ രവിക്കെതിരെ തമിഴ് നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണർ വൈകിപ്പിക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു . ബില്ലുകളിൽ സമയ ബന്ധിതമായ തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. രാഷ്ട്രീയ എതിരാളിയെ പോലെ ഗവർണർ പെരുമാറുന്നതായി ഹരജിയിൽ തമിഴ് നാട് സർക്കാർ ആരോപിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കപെട്ട സംസ്ഥാന സർക്കാരിനെതിരെ, രാഷ്ട്രീയ എതിരാളിയെ പോലെ ഗവർണർ പെരുമാറുന്നതായി ഹരജിയിൽ തമിഴ് നാട് സർക്കാർ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭാ പാസ്സാക്കിയ ബില്ലുകൾ, കൈമാറുന്ന സർക്കാർ ഉത്തരവുകൾ, നയങ്ങൾ എന്നിവയിൽ ഒപ്പ് വയ്ക്കാത്ത ഗവർണറുടെ നടപടി, ഭരണഘടന വിരുദ്ധവും, നിയമ വിരുദ്ധവും, ഏകപക്ഷീയവും ആണ് . സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനൽ കേസുകളിൽ നൽകേണ്ട പ്രോസിക്യുഷൻ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവർണർ രവി ഒപ്പ് വയ്ക്കുന്നില്ല.
2020 മുതൽ ഗവർണർക്ക് കൈമാറിയ 12 ബില്ലുകളാണ് തീരുമാനം എടുക്കാതെ ഗവർണർ രാജ്ഭവനിൽ സൂക്ഷിക്കുന്നത് . 54 തടവുകാരുടെ മോചനം സംബന്ധിച്ച ഫയലുകളിലും ഗവർണർ തീരുമാനമാനാമെടുത്തിട്ടില്ല . തമിഴ് നാട് സർക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോൺസൽ ശബരീഷ് സുബ്രമണ്യം ആണ് ഹരജി ഫയൽ ചെയ്തത്. ഗവർണറുമായുള്ള പോരിൽ തെലങ്കാനയ്ക്കും ബംഗാളിനും പിന്നാലെയാണ് തമിഴനാടും സുപ്രിംകോടതിയിലെത്തിയത് . ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നതായിട്ടാണ് ഹരജികളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.