India
Tamil Nadu collector makes assistant carry his shoes during temple visit
India

ക്ഷേത്ര സന്ദർശനത്തിന് മുമ്പ് ഷൂസ് അഴിച്ച് ദഫേദാറെ കൊണ്ട് എടുത്ത് മാറ്റിച്ച് കലക്ടർ; വിവാദം

Web Desk
|
12 April 2023 9:23 AM GMT

കൂവാഗം കൂത്താണ്ടവർ ക്ഷേത്രോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കലക്ടർ.

ചെന്നൈ: ക്ഷേത്ര സന്ദർശനത്തിനായെത്തിയ കലക്ടർ തന്റെ ഷൂസുകൾ ഊരി സഹായിയായ ദഫേദാറെ വിളിച്ചുവരുത്തി എടുത്ത് മാറ്റിച്ച നടപടി വിവാദത്തിൽ. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടർ ശ്രാവൺ കുമാർ ജഠാവത്ത് ആണ് തന്റെ സഹായിയായ ദഫേദാറെ കൊണ്ട് ഷൂസുകൾ എടുപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് ജില്ലാ കലക്ടർക്കെതിരെ ഉയരുന്നത്.

ഉളുന്ദൂർപേട്ടയിലെ കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിന് മുന്നിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീഡിയോയിൽ ജില്ലാ കലക്ടർ ശ്രാവൺ കുമാർ തന്റെ കാറിൽ നിന്ന് പുറത്തിറങ്ങുകയും നിരവധി ആളുകൾക്കും സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുമൊപ്പം ക്ഷേത്രത്തിലേക്ക് നടക്കുന്നതും കാണാം. ഇതിനിടെ പെട്ടെന്ന് നിൽക്കുകയും ദഫേദാറെ തിരയുകയും തുടർന്ന് വിളിച്ചുവരുത്തുകയും ചെയ്തു.

പിന്നാലെ ഷൂസുകൾ നിലത്ത് ഊരിയിടുകയും അത് ദഫേദാറെ കൊണ്ട് എടുത്ത് മാറ്റിക്കുകയും അവ മറ്റെവിടെയെങ്കിലും കൊണ്ടുപോയി വെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂവാഗം കൂത്താണ്ടവർ ക്ഷേത്രോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കലക്ടർ.

തുടർന്ന് ജില്ലാ കലക്ടർ ക്ഷേത്രത്തിനുള്ളിലെത്തി ദർശനവും പുഷ്പാർച്ചനയും നടത്തുകയും ചെയ്തു. അതേസമയം, സംഭവം വിവാദമാവുകയും നിരവധി പേർ വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ, ഷൂസുകൾ എടുത്തുകൊണ്ടുപോകാൻ താൻ സഹായിയോട് നിർദേശിച്ചിട്ടില്ലെന്ന വാദവുമായി കലക്ടർ രം​​ഗത്തെത്തി.

"എന്റെ ഷൂസുകൾ‍ കൊണ്ടുപോകാൻ ഞാൻ ഒരിക്കലും ദഫേദാറോട് നിർദേശിച്ചിട്ടില്ല. യഥാർഥത്തിൽ വീഡിയോ എഡിറ്റ് ചെയ്യുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തതാണ്. ആരോപണം ശരിയല്ലെന്ന് അവിടെയുണ്ടായിരുന്ന റിപ്പോർട്ടർമാർക്ക് അറിയാം. ഫീൽഡിൽ ഇല്ലാത്ത ഏതോ ഒരാൾ സംഭവം എഡിറ്റ് ചെയ്യുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തതാണ്"- കലക്ടർ അവകാശപ്പെട്ടു.



Similar Posts