തമിഴ്നാട്ടിലും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ
|കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോഗ്യ വകുപ്പ്
ചെന്നൈ: ഡല്‍ഹിക്ക് പിന്നാലെ തമിഴ്നാട്ടിലും മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്നാട് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന അവബോധം ജനങ്ങള്‍ക്ക് നല്‍കാനാണ് പിഴ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഴ ഈടാക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച 39 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. മദ്രാസ് ഐഐടിയില്‍ മാത്രം 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പസില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പുതിയതായി കോവിഡ് ബാധിച്ചവരുടെ ആരോഗ്യനില ഗുരുതരമല്ല.
സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കാൻ 1,16,451 കിടക്കകൾ അനുവദിച്ചിട്ടുണ്ട്. 18 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്- "നിലവില്‍ ആശങ്കയില്ല. എന്നാല്‍ ജനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ കോവിഡ് വ്യാപനമുണ്ടായേക്കാം. അതിനാൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. പ്രതിരോധ കുത്തിവെപ്പ് ഇനിയും പൂര്‍ത്തിയാക്കാത്തവര്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം"- ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
ഡല്‍ഹിയില്‍ പുതിയ വകഭേദം
ഡൽഹിയിൽ കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ മൂന്നിരട്ടി വർധനയുണ്ടായ സാഹചര്യത്തില്‍ സർക്കാർ ജനിതക പരിശോധന പുനരാരംഭിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ ഒരു സാമ്പിളില്‍ വ്യതിയാനം കണ്ടെത്തി. ഈ സാമ്പിള്‍ വിശദ പരിശോധനക്കായി ജീനോം സീക്വൻസിങ് കണ്‍സോർഷ്യത്തിലേക്കയച്ചു. രോഗിയുമായി സമ്പര്‍ക്കം പുലർത്തിയ മുഴുവൻ ആളുകളെയും ഐസോലേഷനിലാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലാ സാമ്പിളുകളും ജനിതക പരിശോധനക്ക് വിധേയമാക്കാനാണ് ഡൽഹി സർക്കാറിന്റെ തീരുമാനം.
ഇന്നലെ 965 കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളിലും വർധനയുണ്ടായി. പുതുതായി 2451 പേർക്ക് രോഗവും 54 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിന് ഉടൻ അനുമതി നൽകിയേക്കും. ബയോളജിക്കൽ ഇ യുടെ കോവിഡ് വാക്സിനായ കോർബെവാക്സിന് അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശിപാർശ നൽകിയിട്ടുണ്ട്.