ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; 14കാരിക്ക് ദാരുണാന്ത്യം
|കലൈയരസി എന്ന കുട്ടിയാണ് മരിച്ചത്
നാമക്കല്‍: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വീണ്ടും ഭക്ഷ്യവിഷബാധ. തമിഴ്നാട്ടിലെ നാമക്കലില്‍ ചിക്കന്‍ ഷവര്‍മ കഴിച്ച 14കാരി ഭക്ഷ്യവിഷബാധയെ തുടര്‍ന്നു മരിച്ചു. കലൈയരസി എന്ന കുട്ടിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ കുടുംബം പുറത്തുപോയി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം പാഴ്സല്‍ വാങ്ങി. മാതാപിതാക്കളും സഹോദരനും അമ്മാവനും അമ്മായിയും ചേര്‍ന്നാണ് ഭക്ഷണം കഴിച്ചത്. കലൈയരസി ഷവര്‍മയാണ് കഴിച്ചത്. കഠിനമായ വയറുവേദനയെ തുടർന്ന് ഭക്ഷണം കഴിച്ച് എല്ലാവരും ഛർദ്ദിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങള്‍ അപകടനില തരണം ചെയ്തെങ്കിലും പെണ്‍കുട്ടി തിങ്കളാഴ്ച മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടുതൽ ചികിത്സയ്ക്കായി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്നേ ദിവസം രാത്രി അതേ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് 13 മെഡിക്കൽ വിദ്യാർത്ഥികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദ്യോഗസ്ഥർ ഉടൻ ഹോട്ടലില്‍ റെയ്ഡ് നടത്തുകയും ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഗ്രില്‍ഡ് ചിക്കന്‍, തന്തൂരി ചിക്കന്‍, ഷവര്‍മ എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കന്‍ എവിടെ നിന്നാണ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.