India
തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ഒളിച്ചോടി വിവാഹിതയായി; അച്ഛനെതിരെ പരാതിയുമായി പൊലീസില്‍
India

തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ഒളിച്ചോടി വിവാഹിതയായി; അച്ഛനെതിരെ പരാതിയുമായി പൊലീസില്‍

Web Desk
|
9 March 2022 7:55 AM GMT

കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലാണ് സതീഷും(27) ജയകല്യാണിയും(24)

തമിഴ്‌നാട് ഹിന്ദു മതകാര്യ മന്ത്രി പി.കെ ശേഖറിന്‍റെ മകള്‍ പിതാവിനെതിരെ ബെംഗളൂരു പൊലീസിന് പരാതി നല്‍കി. ഒരു വ്യവസായിയായ സതീഷ് കുമാറിനൊപ്പം ഒളിച്ചോടി വിവാഹിതയായ ഡോ.ജയകല്യാണി അച്ഛനില്‍ നിന്നും സംരക്ഷണം തേടിയാണ് പൊലീസിനെ സമീപിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലാണ് സതീഷും(27) ജയകല്യാണിയും(24). കർണാടകയിലെ ജില്ലാ ആസ്ഥാനമായ റായ്ച്ചൂരിലെ ഹാലസ്വാമി മഠത്തിൽ ഹിന്ദു ആചാരപ്രകാരും ഈയിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മകളെ കാണാതായെന്നും തട്ടിക്കൊണ്ടുപോയതായിരിക്കുമെന്ന് സംശയിക്കുന്നതായും മന്ത്രി പൊലീസിൽ പരാതി നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍ തനിക്കും ഭർത്താവിനും ഭീഷണിയുണ്ടെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും ജയകല്യാണി ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജയകല്യാണിയുടെ കുടുംബം മകളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മന്ത്രിയുടെ കുടുംബം പലപ്പോഴും സതീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. സതീഷിന്‍റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് ജയകല്യാണിയും അപേക്ഷിച്ചിരുന്നു. മറ്റൊരു സമുദായത്തില്‍ പെട്ട സമ്പന്ന കുടുംബത്തിലുള്ള ഒരാളെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാനായിരുന്നു മന്ത്രിയുടെ പദ്ധതി. എന്നാല്‍ ജയകല്യാണി ഒളിച്ചോടുകയായിരുന്നു. ''പ്രണയ വിവാഹങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. എന്നാൽ അവളുടെ സമ്മതത്തിന് വിരുദ്ധമായി വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചപ്പോള്‍ ഡോക്ടർ കല്യാണി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. സത്യാവസ്ഥ ബോധ്യപ്പെട്ടതിന് ശേഷമാണ് ഞങ്ങൾ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയത്'' ഹലസ്വാമി മഠത്തിലെ സ്വാമി അഭിനവ ഹലവീരപ്പജ്ജ പറഞ്ഞു. തമിഴ്നാട് പൊലീസ് തന്നെ സഹായിച്ചില്ലെന്ന് ജയകല്യാണി ആരോപിച്ചു. മന്ത്രി പദവി ഉപയോഗിച്ച് പിതാവ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അതുകൊണ്ടാണ് ബെംഗളൂരു പൊലീസിന്‍റെ സഹായം തേടിയതെന്നും യുവതി വ്യക്തമാക്കി.

Similar Posts