India
നീറ്റ് പരീക്ഷക്കെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി തമിഴ്നാട്
India

നീറ്റ് പരീക്ഷക്കെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി തമിഴ്നാട്

Web Desk
|
13 Sep 2021 1:57 PM GMT

സമ്പന്നരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാണ് നീറ്റ് പരീക്ഷയുടെ ഘടനയെന്ന് തമിഴ്നാട്.

മെഡിക്കല്‍ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷയായ നീറ്റിനെതിരെ നിയമം പാസാക്കി തമിഴ്‌നാട്. നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവതരിപ്പിച്ച ബില്ലിനെ മുഖ്യപ്രതിപക്ഷമായ എ.ഐ.ഡി.എം.കെയും പിന്തുണച്ചു.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (NEET) പകരം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം നല്‍കുന്നതാണ് ബില്‍. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചു. എന്നാല്‍ ഒരു കേന്ദ്ര നിയമത്തെ വെല്ലുവിളിച്ചുള്ള ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം കൂടാതെ സാധുത ഉണ്ടായിരിക്കുന്നതല്ല.

നീറ്റ് പരീക്ഷയുടെ ആഘാതവും, സംസ്ഥാനത്തില്‍ കൂണുപോലെ മുളച്ചുപൊന്തിയ കോച്ചിംഗ് സെന്ററുകളെയും സംബന്ധിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് എ.കെ രാജന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉന്നതാധികാര കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷ അടിയന്തരമായി ഒഴിവാക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.

സമ്പന്നര്‍ക്കും ഉന്നത ശ്രേണിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അനുകൂലമായാണ് നീറ്റ് പരീക്ഷയുടെ ഘടനയെന്നും, സമൂഹത്തിലെ താഴെക്കിടയിലുള്ള വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് പരീക്ഷ തടസ്സമാണെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട് മീഡിയം സ്‌കൂളില്‍ പഠിച്ചു വന്ന വിദ്യാര്‍ഥികളെ നീറ്റ് പ്രതികൂലമായി ബാധിച്ചു. 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് നീറ്റ് അനുയോജ്യമായിരുന്നില്ല. 'മെറിറ്റ്' നീറ്റിന്റെ മുന്‍ഗണാക്രമത്തില്‍ ഇല്ല. മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും എം.ബി.ബി.എസിന് പ്രവേശനം നല്‍കാന്‍ നീറ്റ് വഴിവെക്കുന്നതായും, ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷ വിജയിക്കാത്തതില്‍ തമിഴ്‌നാട്ടിലുണ്ടായ വിദ്യാര്‍ഥി ആത്മഹത്യകള്‍ വലിയ ചര്‍ച്ചയായിരുന്നു. നീറ്റ് പരീക്ഷക്ക് മണിക്കൂറുകള്‍ക്കു മുന്‍പാണ് തമിഴ്‌നാട്ടില്‍ പത്തൊമ്പതു വയസുകാരന്‍ ആത്മഹത്യ ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 14 വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയത്.

Similar Posts