തമിഴ്നാട്ടിൽ കനത്ത മഴ; നാല് മരണം, നാല് ജില്ലകളിൽ പൊതു അവധി
|സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്
തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഇതിനോടകം നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസവും ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി, പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ കലക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ട്.