India
തിയേറ്ററുകളിലും ഹോട്ടലുകളിലും 100 ശതമാനം പ്രവേശനാനുമതി; തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
India

തിയേറ്ററുകളിലും ഹോട്ടലുകളിലും 100 ശതമാനം പ്രവേശനാനുമതി; തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ijas
|
12 Feb 2022 2:03 PM GMT

പ്ലേ സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിവ ഫെബ്രുവരി 16 മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു

കോവിഡ് രോഗ ഭീതി അകന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. പ്ലേ സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിവ ഫെബ്രുവരി 16 മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്തെ പ്ലേ സ്കൂളുകളും നഴ്സറി സ്കൂളുകളും തുറക്കുന്നത്. വ്യാപാര മേളകൾക്ക് അനുമതി നൽകിയ സര്‍ക്കാര്‍ പക്ഷേ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പരിപാടികൾക്ക് അനുമതി നിഷേധിച്ചു. അതെ സമയം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ൽ നിന്ന് 200 ആയി വർധിപ്പിച്ചു. 100 പേരുടെ സാന്നിധ്യത്തില്‍ ശവസംസ്കാരം നടത്താനും സര്‍ക്കാര്‍ അനുമതിയുണ്ട്.

ഹോട്ടലുകൾ, റസ്റ്റോറന്‍റുകള്‍, ബേക്കറികൾ, മൾട്ടിപ്ലക്‌സുകൾ, തിയേറ്ററുകൾ, ഷോപ്പുകൾ, ഷോറൂമുകൾ, ജ്വല്ലറികൾ, ക്ലബ്ബുകൾ, ജിമ്മുകൾ, ഇൻഡോർ സ്റ്റേഡിയങ്ങളിലെ കായിക മത്സരങ്ങൾ, ബ്യൂട്ടി പാർലറുകൾ, സലൂണുകൾ, അമ്യൂസ്‌മെന്‍റ് പാർക്കുകൾ എന്നിവയില്‍ 100 ശതമാനം പ്രവേശനാനുമതിയും അനുവദിച്ചു. നേരത്തെ പകുതി ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി.

ജനുവരി 22ന് 30,744 പേരാണ് കോവിഡ് ബാധിതരായിരുന്നതെങ്കില്‍ ഫെബ്രുവരി 11ലെ കണക്കനുസരിച്ച് 2,086 പേരിലേക്ക് കോവിഡ് ബാധ ചുരുങ്ങിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പൊതുസ്ഥലങ്ങളില്‍ മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും ഇരട്ട വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar Posts