India
തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം; വിവാദ യൂട്യുബർ അറസ്റ്റിൽ
India

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം; വിവാദ യൂട്യുബർ അറസ്റ്റിൽ

Web Desk
|
11 Oct 2021 10:09 AM GMT

ആറു ലക്ഷത്തോളം സബ്സ്ക്രൈബറുമാരുള്ള ദുരെമുരുകന്റെ ചാനലിലൂടെ രാഷ്ട്രീയ പാർട്ടി നേതാക്കളുൾപ്പെടെയുള്ള പ്രമുഖരെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ പുറത്തു വരാറുണ്ട്

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും മറ്റു മന്ത്രിമാരെയും അപകീർത്തിപ്പെടുത്തിയതിനു തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യുബർ സത്തായ് ദുരെമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നടക്കുന്ന ക്വാറി ഖനനത്തിനെതിരെ ഞായറാഴ്ച കന്യാകുമാരിയിൽ നടന്ന പ്രതിഷേധത്തിൽ സർക്കാരിനെതിരെ നടത്തിയ പരാമർശത്തിലാണ് അറസ്റ്റ്. മുരുകനെതിരെ വിവിധ വകുപ്പുകൾ ചുമത്തുകയും ഈ മാസം 25 വരെ റിമാന്റിൽ വിടുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ ഖനനം ചെയ്യുന്ന കല്ലുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ ഖനനം നടത്തുന്നത് എന്തിനാണെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. പദ്ധതിക്കായി കേരള സർക്കാർ ഖനനം അനുവദിച്ചില്ലെന്നും എന്നാൽ ഇവിടത്തെ മുഖ്യമന്ത്രി അതിനെല്ലാം സമ്മതിച്ചെന്നുമാണ് ദുരെമുരുകൻ പറയുന്നത്. കൂടാതെ ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തമ്മില്‍ താരതമ്യം ചെയ്യുകയും സ്റ്റാലിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.

ആറു ലക്ഷത്തോളം സബ്സ്ക്രൈബറുമാരുള്ള ദുരെമുരുകന്റെ ചാനലിലൂടെ രാഷ്ട്രീയ പാർട്ടി നേതാക്കളുൾപ്പെടെയുള്ള പ്രമുഖരെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ പുറത്തു വരാറുണ്ട്. അതിനെതിരെ ദുരെമുരുകനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

Similar Posts