India
പിടിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിമുറുക്കി പെരുമ്പാമ്പ്; കിണറ്റിൽ വീണ് ശ്വാസംമുട്ടി 55കാരന് ദാരുണാന്ത്യം
India

പിടിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിമുറുക്കി പെരുമ്പാമ്പ്; കിണറ്റിൽ വീണ് ശ്വാസംമുട്ടി 55കാരന് ദാരുണാന്ത്യം

Web Desk
|
13 Sep 2022 4:40 PM GMT

10 അടി നീളമുള്ള പെരുമ്പാമ്പാണ് നടരാജന്റെ കഴുത്തിൽ ചുറ്റിയതെന്നും ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹവും പാമ്പും കിണറ്റിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

കോയമ്പത്തൂർ: കിണറ്റിൽ നിന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിമുറുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടി 55കാരന് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പനഗമുട്ട്ലു ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പാമ്പുപിടുത്തക്കാരനായ ജി നടരാജനാണ് മരിച്ചത്.

10 അടി നീളമുള്ള പെരുമ്പാമ്പാണ് നടരാജന്റെ കഴുത്തിൽ ചുറ്റിയതെന്നും ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹവും പാമ്പും കിണറ്റിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

രാവിലെ, ചിന്നസാമി എന്ന കർഷകൻ തന്റെ വിളകൾക്ക് വെള്ളമെടുക്കാൻ കിണറ്റിൽ പമ്പ് സ്ഥാപിക്കാനുള്ള ജോലികൾക്കിടെ പാമ്പിനെ കാണുകയായിരുന്നു. അതിനെ പിടിക്കാൻ നടരാജനെ വിളിച്ചതനുസരിച്ച് രാവിലെ എട്ടു മണിയോടെ അദ്ദേഹം സ്ഥലത്തെത്തി. തുടർന്ന് ഒരു കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി.

പെരുമ്പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ അത് കഴുത്തിലും ശരീരത്തുമായി ചുറ്റിമുറുക്കി. അതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാമ്പുമായി നടരാജൻ കിണറ്റിൽ വീഴുകയായിരുന്നു. അ​ദ്ദേഹം പാമ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് 8.40ന് കൃഷ്ണഗിരിയിൽ നിന്ന് അ​ഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 60 അടി താഴ്ചയുള്ള കിണറിന്റെ മൂന്നിലൊന്നു ​ഭാ​ഗവും അടുത്തിടെ പെയ്ത മഴയിൽ നിറഞ്ഞതായി സ്റ്റേഷൻ ഫയർ ഓഫീസർ വെങ്കിടാചലം പറഞ്ഞു.

തുടർന്ന് രാവിലെ 9.30ഓടെ കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കാവേരിപട്ടണം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, പാമ്പിനെ കണ്ടെത്താനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts