India
തൻസീമെ ഇൻസാഫ് സി.പി.ഐക്ക് മുസ്‍ലിം മുഖമുള്ള ന്യൂനപക്ഷസംഘടന
India

'തൻസീമെ ഇൻസാഫ്' സി.പി.ഐക്ക് മുസ്‍ലിം മുഖമുള്ള ന്യൂനപക്ഷസംഘടന

Web Desk
|
17 Oct 2022 6:44 AM GMT

ന്യൂനപക്ഷങ്ങൾ പൊതുവേയും മുസ്ലിം വിഭാഗം പ്രത്യേകമായും അവഗണനയും അരക്ഷിതാവസ്ഥയും നേരിടുകയാണെന്ന ആമുഖത്തോടെയാണ് തൻസീമെ ഇൻസാഫിനെക്കുറിച്ചുള്ള റിപ്പോർട്ട് പാർട്ടികോൺഗ്രസിൽ അവതരിപ്പിച്ചത്

വിജയവാഡ: മുസ്ലീം വിഭാഗങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'തൻസീമെ ഇൻസാഫ്' എന്ന സംഘടനയെ രാഷ്ട്രീയമായി ഏറ്റെടുത്ത് സി. പി.ഐ. വിവിധ സംസ്ഥാനങ്ങളിൽ ചെറുഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് സി.പി.ഐ. ദേശീയരൂപം ഉണ്ടാക്കണമെന്നാണ് പാർട്ടി കോൺഗ്രസിലെ നിർദേശം. ന്യൂനപക്ഷ -മുസ്ലിം വിഭാഗങ്ങളിൽ ഒരു സ്വതന്ത്രസംഘടന എന്ന നിലയിൽ തൻസീം ഇ ഇൻസാഫിനെ സി.പി.ഐ. പിന്തുണച്ചിരുന്നു. എന്നാൽ, അതിനെ പാർട്ടി ബഹുജനസംഘടനകളുടെ വിഭാഗത്തിലുൾപ്പെടുത്തി പാർട്ടികോൺഗ്രസിൽ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്.

സാമുദായിക രീതിൽ സംഘടനയുണ്ടാക്കുന്നതിനോട് സി.പി.ഐ. നേതാക്കൾക്ക് നേരത്തേ വിയോജിപ്പായിരുന്നു. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് 2022 മാർച്ചിൽ ഇത് കേരളത്തിൽ തുടങ്ങിയത്. കഴിഞ്ഞ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തിൽ ദളിതരെ ദളിതരായി സംഘടിപ്പിക്കുന്നതു പോലും അവരോട് കാണിക്കുന്ന വിവേചനമാണെന്ന വിമർശനം ഉണ്ടായിരുന്നു.

ന്യൂനപക്ഷങ്ങൾ പൊതുവേയും മുസ്ലിം വിഭാഗം പ്രത്യേകമായും അവഗണനയും അരക്ഷിതാവസ്ഥയും നേരിടുകയാണെന്ന ആമുഖത്തോടെയാണ് തൻസീമെ ഇൻസാഫിനെക്കുറിച്ചുള്ള റിപ്പോർട്ട് പാർട്ടികോൺഗ്രസിൽ അവതരിപ്പിച്ചത്. ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കാതെ തിരിച്ചുനൽകുകയാണ് ചെയ്യുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ യാചിച്ച് നേടേണ്ടതല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് തൻസീമെ ഇൻസാഫിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

എ.ബി. ബർദാൻ ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഒരു സ്വതന്ത്രസംഘടന എന്ന ആശയത്തിന് പാർട്ടി പിന്തുണ നൽകിയത്. എന്നാൽ, അതിനെ സി.പി.ഐ.യുടേതായി മാറ്റാൻ തയ്യാറായില്ല. പല സംസ്ഥാനങ്ങളിലും ഇതിന് ഘടകങ്ങളുണ്ടായി. ഇവയെ ഒന്നിപ്പിക്കുന്ന ദേശീയകൗൺസിലും രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയമുഖം ഈ സംഘടനയ്ക്ക് സി.പി.ഐ. നൽകിയിരുന്നില്ല. സാമുദായിക സംഘടന എന്നാണ് ഇൻസാഫിന്റെ സാമൂഹികമാധ്യമ പേജിൽ അവർ നൽകിയിരിക്കുന്ന നിർവചനം.

Similar Posts