India
Cancer

പ്രതീകാത്മക ചിത്രം

India

ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക; പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

Web Desk
|
29 Feb 2024 6:06 AM GMT

റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങൾ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു

മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ രാജേന്ദ്ര ബദ്‌വെ പറഞ്ഞു.

ഇത് രോഗികളിൽ രണ്ടാം തവണ കാൻസർ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങൾ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.രണ്ടാം തവണ ക്യാൻസർ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്.പാൻക്രിയാറ്റിക്, ശ്വാസകോശം, വായിലെ അർബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും.

കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്‌സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്‌സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു."ഏതാണ്ട് ഒരു പതിറ്റാണ്ടായി ടാറ്റ ഡോക്ടർമാർ ഈ മരുന്നിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ടാബ്‌ലെറ്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.അനുമതി ലഭിച്ചാല്‍ ജൂണ്‍-ജൂലെ മാസങ്ങളോടെ വിപണിയില്‍ ലഭ്യമാകും. ക്യാൻസർ ചികിത്സ മെച്ചപ്പെടുത്താൻ ഈ ഗുളിക ഒരു പരിധി വരെ സഹായിക്കും'' രാജേന്ദ്ര ബദ്‍വെ പറഞ്ഞു.

Similar Posts