തമിഴ്നാട്ടില്‍ 9000 കോടിയുടെ വാഹനനിര്‍മാണ പ്ലാന്‍റുമായി ടാറ്റാ മോട്ടോഴ്സ്
|തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യവസായ മന്ത്രി ടി. ആർ.ബി രാജ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്
ചെന്നൈ: ഇന്ത്യയിലെ മുൻനിര ഓട്ടോ മൊബൈല്‍ കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്‌സ് തമിഴ്നാട്ടില്‍ 9000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി തമിഴ്നാട് സര്‍ക്കാരുമായി കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണാപത്രം അനുസരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ വാഹന നിര്‍മാണ പ്ലാൻ്റ് സ്ഥാപിക്കാൻ കമ്പനി 9000 കോടി രൂപ നിക്ഷേപിക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യവസായ മന്ത്രി ടി. ആർ.ബി രാജ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. പുതിയ പ്ലാന്‍റിലൂടെ സംസ്ഥാനത്ത് നേരിട്ടും അല്ലാതെയും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ നിർമ്മാണ ശാലയായ പുതിയ ഫാക്ടറി റാണിപേട്ട് ജില്ലയിൽ 500 ഏക്കർ സ്ഥലത്താണ് സ്ഥാപിക്കുന്നത്. ഏത് വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടില്ല.
രണ്ട് വർഷം മുമ്പ് ഉത്പാദനം നിർത്തിയ ചെന്നൈയ്ക്ക് സമീപമുള്ള ഫോർഡ് ഫാക്ടറി ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് പുതിയ പ്രഖ്യാപനം. രണ്ട് മാസത്തിനിടെ തമിഴ്‌നാട്ടിൽ ധാരണാപത്രം ഒപ്പിടുന്ന രണ്ടാമത്തെ ഓട്ടോമൊബൈൽ കമ്പനിയാണ് ടാറ്റാ മോട്ടോഴ്സ്. ജനുവരിയില്‍ വിയറ്റ്നാമിലെ മുൻനിര ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കളായ വിൻഫാസ്റ്റ് ആദ്യ ഘട്ടത്തിൽ 4000 കോടി നിക്ഷേപം നടത്തിയിരുന്നു. ഇത് 16000 കോടിയായി ഉയരും.