India
രാഷ്ട്രീയപാർട്ടികൾക്ക് അനധികൃത ധനസഹായമെന്നാരോപണം; ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിൽ ആദായനികുതി  റെയ്ഡ്
India

രാഷ്ട്രീയപാർട്ടികൾക്ക് അനധികൃത ധനസഹായമെന്നാരോപണം; ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിൽ ആദായനികുതി റെയ്ഡ്

Web Desk
|
7 Sep 2022 11:45 AM GMT

ബി.ജെ.പി സർക്കാറിന്റെ പ്രധാന വിമർശകനായിരുന്ന പ്രതാപ് ഭാനു മേത്തയുടെ നേതൃത്വത്തിലാണ് സിപിആർ ഗവേണിങ് ബോർഡ് പ്രവര്‍ത്തിക്കുന്നത്

ഡൽഹി: ഡൽഹി ആസ്ഥാനമായുള്ള സ്വതന്ത്ര ചിന്താകേന്ദ്രമായ സെന്റർ ഫോർ പോളിസി റിസർച്ചിൽ (സിപിആർ) ആദായനികുതി വകുപ്പിന്റെ പരിശോധന. ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടക്കുന്ന റെയ്ഡിന്റെ തുടർച്ചയാണ് ഡൽഹിയിലും നടക്കുന്നത്. രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത 20 ലധികം രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് അധികൃതർ പറഞ്ഞതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, റെയ്ഡിനോട് സി.പി.ആർ പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി സർക്കാറിന്റെ പ്രധാന വിമർശകനായിരുന്ന പ്രതാപ് ഭാനു മേത്തയുടെ നേതൃത്വത്തിലാണ് സിപിആർ ഗവേണിങ് ബോർഡ് പ്രവര്‍ത്തിക്കുന്നത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അധ്യാപികയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് പ്രിൻസിപ്പലുമായിരുന്ന പൊളിറ്റിക്കൽ സയന്റിസ്റ്റ് മീനാക്ഷി ഗോപിനാഥാണ് അധ്യക്ഷ. യാമിനി അയ്യരാണ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവും. മുൻ വിദേശകാര്യ സെക്രട്ടറി ശ്യാം ശരണും ഐഐഎം പ്രൊഫസർ രമാ ബീജാപൂർക്കറും ബോർഡിലെ അംഗങ്ങളാണ്.

ഫൗണ്ടേഷനുകൾ, കോർപ്പറേറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഗവൺമെന്റുകൾ, ബഹുമുഖ ഏജൻസികൾ എന്നിവയുൾപ്പെടെ വിവിധ ആഭ്യന്തര, അന്തർദേശീയ സ്രോതസ്സുകളിൽ നിന്ന് സി.പി.ആറിന് ഗ്രാന്റുകൾ ലഭിക്കുന്നുണ്ടെന്നാണ് അവർ വെബ്‌സൈറ്റിൽ പറയുന്നത്. ഇതിന്റെയെല്ലാം പൂർണമായ കണക്കുകളും സൈറ്റിൽ ലഭ്യമാണെന്നും സിപിആർ പറയുന്നു. പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് 1973ൽ സ്ഥാപിതമായ സംഘടന പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

കഴിഞ്ഞ വർഷത്തെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2,858 പാർട്ടികൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 2,796 എണ്ണം അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വതന്ത്രമായ അംഗീകാരം ലഭിക്കുന്നതിനുള്ള മിനിമം മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളാണ് ഇവ. പാർട്ടികളുടെ അനധികൃത ഫണ്ടിംഗുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന നടക്കുന്നതെന്നാണ് സൂചന.

Similar Posts