ആറുവർഷത്തിന് ശേഷം എൻ.ഡി.എയിലേക്ക് മടങ്ങി ടി.ഡി.പി
|പവൻ കല്യാണിന് പുറമെ ചന്ദ്രബാബു നായിഡുവും സഖ്യത്തിലേക്ക്
ആന്ധ്രപ്രദേശ്: ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എക്കൊപ്പം മത്സരിക്കുമെന്ന് ടി.ഡി.പി. ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും അമിത് ഷായും തമ്മിൽ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൂടിക്കാഴ്ച്ചയിൽ ബി.ജെ.പി ദേശിയ ആധ്യക്ഷൻ ജെ.പി നദ്ദയും പങ്കെടുത്തു. ഇന്ന് ഡൽഹിയിൽ നടക്കുന്ന അന്തിമ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരിക്കും സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ചർച്ചയിൽ സീറ്റ് വിഭജനത്തെക്കുറിച്ചും അന്തിമ ധാരണയാകും.
ആന്ധ്രാപ്രദേശിൽ 25 ലോക്സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളുമുണ്ട്. എട്ട് മുതൽ പത്ത് വരെ ലോക്സഭാ മണ്ഡലങ്ങളിൽ എൻ.ഡി.എ മത്സരിക്കും. സഖ്യം നിലവിൽ വന്നതിന് ശേഷം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ആറായി ചുരുങ്ങും.
പവൻ കല്യാൺ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയും ടി.ഡി.പിയുമാണ് ബാക്കി സീറ്റുകളിൽ മത്സരിക്കുക. നാലുമുതൽ ആറുസീറ്റുകളിൽ വരെ വിജയിക്കുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിപുലീകരിച്ച് 400 സീറ്റുകൾ നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക പാർട്ടികളുടെ പങ്കാളിത്തം ഇതിന് നിർണായക ഘടകമായി പാർട്ടി കണക്കാക്കുന്നു.
ആന്ധ്രക്ക് പുറമെ ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളുമായും എൻ.ഡി.എ സഖ്യം രൂപീകരിക്കും.