India
Teacher sacked

പ്രതീകാത്മക ചിത്രം

India

മഹാഭാരതവും രാമായണവും സാങ്കല്‍പികം; അധ്യാപികയെ പുറത്താക്കി

Web Desk
|
13 Feb 2024 7:13 AM GMT

അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും സംഘം സ്കൂളിൽ പ്രതിഷേധിച്ചു

ബെംഗളൂരു: മഹാഭാരതവും രാമായണവും സാങ്കല്‍പിക കഥയാണെന്ന് ക്ലാസില്‍ വിദ്യാര്‍ഥികളോട് പറഞ്ഞ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മംഗളൂരുവിലെ തീരദേശ പട്ടണത്തിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്കൂളിലെ അധ്യാപികയെയാണ് പുറത്താക്കിയത്. അധ്യാപിക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപണമുണ്ട്.

2002ലെ ഗോധ്ര കലാപവും ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസും പരാമര്‍ശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക സംസാരിച്ചതെന്നും ഇത് കുട്ടികളുടെ മനസിൽ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി എംഎൽഎ വേദ്യാസ് കാമത്ത് ആരോപിച്ചു. അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും ഇവർ സ്കൂളിൽ പ്രതിഷേധിച്ചു. തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ അധ്യാപികയെ പിരിച്ചുവിട്ടത്.ശ്രീരാമൻ ഒരു "പുരാണ ജീവി"യാണെന്ന് ഏഴാം ക്ലാസ് വിദ്യാർഥികളെ അധ്യാപിക പഠിപ്പിച്ചുവെന്ന് മാതാപിതാക്കളും അവകാശപ്പെട്ടു. "നിങ്ങൾ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളുടെ സിസ്റ്റര്‍മാർ ഞങ്ങളുടെ ഹിന്ദു കുട്ടികളോട് പൊട്ടുതൊടരുതെന്നും പൂ ചൂടരുതെന്നും പറയുന്നു. ശ്രീരാമനു വേണ്ടി ചെയ്യുന്ന പാൽ അഭിഷേകം വെറു നഷ്ടമാണെന്ന് പറയുന്നു. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കില്ല " കാമത്ത് വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) ആണ് പരാതി അന്വേഷിക്കുന്നത്."സെൻ്റ് ജെറോസ സ്കൂളിന് 60 വർഷത്തെ ചരിത്രമുണ്ട്, ഇന്നുവരെ, ഇതുപോലൊരു സംഭവം നടന്നിട്ടില്ല. ഈ നിർഭാഗ്യകരമായ സംഭവം ഞങ്ങളെക്കുറിച്ച് താൽക്കാലിക അവിശ്വാസം സൃഷ്ടിച്ചു. ഞങ്ങളുടെ നീക്കം നിങ്ങളുടെ സഹകരണത്തോടെ ഈ വിശ്വാസം പുനർനിർമ്മിക്കാൻ സഹായിക്കും. ഞങ്ങളുടെ വിദ്യാർത്ഥികളുടെ ഭാവിക്കും വേണ്ടി ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും'' സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Similar Posts