അധ്യാപക നിയമനത്തിൽ അഴിമതി; ടിഎംസി എംഎൽഎ മണിക് ഭട്ടാചാര്യ അറസ്റ്റിൽ
|അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന രണ്ടാമത്തെ ടിഎംസി നേതാവാണ് മണിക് ഭട്ടാചാര്യ. പാർഥ ചാറ്റർജിയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
കൊൽക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ ബോർഡിന്റെ മുൻ ചെയർമാനായ അദ്ദേഹത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ നീക്കിയിരുന്നു.
അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന രണ്ടാമത്തെ ടിഎംസി നേതാവാണ് മണിക് ഭട്ടാചാര്യ. മമത മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014 ലാണ് അധ്യാപക നിയമനത്തിൽ അഴിമതി നടന്നത്. സിബിഐ ആണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. മുൻ മന്ത്രി പരേശ് സി അധികാരി അടക്കമുള്ള 13 തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിക് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.