India
മഹാരാഷ്ട്ര മന്ത്രിസഭയില്‍ ധാരണ: ബി.ജെ.പിക്ക് 25 മന്ത്രിമാര്‍, ഷിന്‍ഡേ പക്ഷത്തുനിന്ന് 13 പേര്‍
India

മഹാരാഷ്ട്ര മന്ത്രിസഭയില്‍ ധാരണ: ബി.ജെ.പിക്ക് 25 മന്ത്രിമാര്‍, ഷിന്‍ഡേ പക്ഷത്തുനിന്ന് 13 പേര്‍

Web Desk
|
7 July 2022 11:33 AM GMT

45 അംഗ മന്ത്രിസഭയാകും മഹാരാഷ്ട്രയിലേത്

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡേ മന്ത്രിസഭയിലെ അംഗങ്ങള്‍ സംബന്ധിച്ച് ധാരണയായി. 45 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ബി.ജെ.പിയില്‍ നിന്ന് 25 മന്ത്രിമാരുണ്ടാകും. ഷിന്‍ഡേയ്ക്കൊപ്പമുള്ള വിമത ശിവസേന എം.എല്‍.എമാരില്‍ 13 പേര്‍ മന്ത്രിമാരാകും. ബാക്കിയുള്ള ഏഴു സ്ഥാനങ്ങള്‍ സ്വതന്ത്രര്‍ക്ക് നല്‍കാനും ധാരണയായി.

പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ ബാക്കിയുള്ളവര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് അവതരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. അതേസമയം 16 വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ ഹരജി സുപ്രിംകോടതിയിലാണ്. ജൂലൈ 11ന് കോടതി വിധി വന്നതിനു ശേഷമാകും മന്ത്രിമാരെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

മഹാ അഗാഡി സഖ്യത്തിന്‍റെ നേതൃത്വത്തിലുള്ള ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസാണ് ഉപമുഖ്യമന്ത്രി. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 അംഗങ്ങളുടെ അധിക പിന്തുണ നേടി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനും ഷിന്‍ഡെയ്ക്ക് കഴിഞ്ഞു. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് ഷിന്‍ഡെ പക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ചിഹ്നം ഉള്‍പ്പെടെ ലഭിക്കാന്‍ ഇനിയും കടമ്പകളേറെയുണ്ട്.

Summary- Maharashtra Chief Minister Eknath Shinde is likely to have 45 ministers, most belonging to ally BJP. In the new cabinet, 25 ministers will be from the BJP, 13 from Eknath Shinde's Shiv Sena, say sources. The rest will be independent.

Similar Posts