അമ്പും വില്ലും ആർക്കുമില്ല; ശിവസേനയുടെ ചിഹ്നവും പേരും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
|അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പക്ഷത്തിനും തിരിച്ചടി നൽകിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.
മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശിവസേനയുടെ രണ്ട് വിഭാഗങ്ങൾക്കും പാർട്ടിയുടെ 'വില്ലും അമ്പും' ചിഹ്നവും ശിവസേനയെന്ന പേരും ഉപയോഗിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പക്ഷത്തിനും തിരിച്ചടി നൽകിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. പിന്തുണ പിൻവലിച്ച് ഷിൻഡെ പക്ഷം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി നാല് മാസത്തിന് ശേഷമാണ് തീരുമാനം.
ചിഹ്നം മരവിപ്പിച്ചതോടെ മുംബൈയിലെ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു വിഭാഗത്തിനും മറ്റൊരു പേരും ചിഹ്നവും ഉപയോഗിക്കേണ്ടിവരും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങൾക്കും പുതിയ പേരുകൾ തിരഞ്ഞെടുക്കാമെന്നും ചിഹ്നങ്ങൾ അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് ബോഡി അതിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ശിവസേന ചിഹ്നമായ അമ്പും വില്ലും തങ്ങളുടേതാണെന്നും അത് തങ്ങൾക്കു വേണമെന്നും ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം യഥാർഥ പാർട്ടിക്ക് പുറത്താണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമായിരുന്നു താക്കറെ പക്ഷത്തിന്‍റെ വാദം.