India
Haryana Police is first force to use drones for tear gas
India

കർഷകരെ തടയാൻ ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതക പ്രയോഗം; ഇന്ത്യയിലാദ്യം

Web Desk
|
14 Feb 2024 10:00 AM GMT

തങ്ങളുടെ അതിർത്തി കടന്ന് കർഷകർക്ക് നേരെ ഹരിയാന പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതകം പ്രയോഗിച്ചതിനെതിരെ പഞ്ചാബ്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ പലവഴിക്കാണ് ബി​.ജെ.പി സർക്കാർ തടയാൻ ശ്രമിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു കഴിഞ്ഞദിവസം നടത്തിയ കണ്ണീർ വാതക പ്രയോഗം. ഡ്രോൺ ഉപയോഗിച്ചായിരുന്നു കർഷകരെ ഹരിയാന പൊലീസ് കണ്ണീരണിയിച്ചത്. ആദ്യമായിട്ടാണ് രാജ്യത്ത് ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമരക്കാരെ നേരിടുന്നത്.

കണ്ണീർ വാതകം പ്രയോഗിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയായി ഹരിയാന പൊലീസ് മാറി. ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെയാണ് ഹരിയാന പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചത്.

2021ൽ രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയായ ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ) നിർമ്മിച്ച ഡ്രോണുകളാണ് സംസ്ഥാന സർക്കാർ ഉപയോഗിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കൃഷി, ഹോർട്ടികൾച്ചർ വിളകളുടെ നിരീക്ഷണം, സുരക്ഷാ ആവശ്യങ്ങൾക്കായി സെൻസിറ്റീവ് ഏരിയകളുടെ നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഡ്രോണുകൾ രൂപകൽപ്പന ചെയ്തതെന്ന് ഹരിയാന സർക്കാർ അറിയിച്ചിരുന്നത്.

കർണാലിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് വൈക്കോൽ കത്തിക്കുന്നത് നിരീക്ഷിക്കാനും തടയാനും മറ്റു സുരക്ഷാ ആവശ്യങ്ങൾക്കും ഹരിയാന സർക്കാർ വ്യാപകമായി ദൃശ്യ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

കലാപങ്ങൾ നിയന്ത്രിക്കനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമായി ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ടിയർ സ്മോക്ക് ലോഞ്ചർ 2022ൽ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) വികസിപ്പിച്ചിരുന്നു. എന്നാൽ, ഈ സംവിധാനം ഇതുവരെ ഒരു സംസ്ഥാന പൊലീസ് സേനക്കും നൽകിയിട്ടില്ല.

ദൃശ്യ ഡ്രോൺ ഉപയോഗിച്ച് ഒരേസമയം ഒന്നിലധികം ടിയർ ഗ്യാസ് ഗ്രനേഡുകൾ വിക്ഷേപിക്കാം. ഗ്രനേഡുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് പരിക്കേൽക്കാനുള്ള സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഒരേസമയം നിരവധി യുദ്ധോപകരണങ്ങൾ വിക്ഷേപിക്കാൻ ഡ്രോണുകൾക്ക് കഴിയും. റിമോട്ട് ഉപയോഗിച്ചാണ് ഇതിന്റെ നിയന്ത്രണം. പലപ്പോഴും ടിയർ ഗ്യാസ് കൈ കൊണ്ട് എറിയുമ്പോൾ അത് പൊലീസിന് നേരെ തന്നെ തിരിച്ച് ഉപയോഗിക്കാറുണ്ട്. പുതിയ രീതിയിൽ അത്തരം സാഹചര്യം ഇല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഇത് പ്രയോഗിക്കുന്നത് സംബന്ധിച്ച് മോക് ഡ്രിൽ നടത്തിയിരുന്നു.

ചൊവ്വാഴ്ച അംബാല റേഞ്ച് ഐ.ജി.പി സിബാഷ് കബിരാജ്, അംബാല ഡി.സി ശാലീൻ, എസ്.പി ജഷൻദീപ് സിംഗ് രൺധാവ എന്നിവരാണ് സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതകം പ്രയോഗിക്കാൻ നിർദേശം നൽകിയത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ വജ്ര വാഹനങ്ങളും പൊലീസും ശംഭുവിലെ മേൽപ്പാലത്തിന്റെ രണ്ട് വശങ്ങളിലും കുറഞ്ഞത് 4,500 ഷെല്ലുകളെങ്കിലും പ്രയോഗിച്ചതായി അധികൃതർ അറിയിച്ചു.

ഏകദേശം 10,000ത്തോളം വരുന്ന പ്രതിഷേധക്കാരെ തുടർച്ചയായി ആറ് മണിക്കൂറാണ് പൊലീസ് തടഞ്ഞുവെച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 100ഓളം പേർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ അറിയിച്ചിരുന്നു. കർഷകർക്ക് ഇപ്പോഴും ഹരിയാനയിലേക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഡ്രോണുകളെ പ്രതിരോധിക്കാൻ പട്ടം പറത്താൻ തുടങ്ങിയിട്ടുണ്ട് കർഷകർ. വലിയ നൂലുള്ള പട്ടമുപയോഗിച്ച് ഇവയെ വീഴ്ത്തുകയാണ് ലക്ഷ്യം.

അതേസമയം, തങ്ങളുടെ അതിർത്തി കടന്ന് ഹരിയാന ​​പൊലീസ് ഡ്രോൺ ഉപയോഗിച്ചതിനെതിരെ പഞ്ചാബ് രംഗത്തുവന്നു. ശംഭു അതിർത്തിയിലെ പഞ്ചാബിന്റെ പ്രദേശത്തേക്ക് ഡ്രോൺ അയക്കരുതെന്ന് പട്യാല ഡെപ്യൂട്ടി കമീഷണർ ഷൗകത്ത് അഹമ്മദ് അംബാല ഡെപ്യൂട്ടി കമീഷണർക്ക് കത്തെഴുതി.

പഞ്ചാബ് അതിർത്തി കടന്ന് ഹരിയാന പൊലീസ് ഡ്രോൺ ഉപയോഗിച്ചതിനെതിരെ പഞ്ചാബ് കോൺഗ്രസും രംഗത്തുവന്നു. സംസ്ഥാനത്തിന്റെ സ്വയംഭരണ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റത്തിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Similar Posts