ടീസ്റ്റ സെതൽവാദിനെയും മുൻ ഡി.ജി.പി ആർ.ബി ശ്രീ കുമാറിനെയും റിമാൻഡ് ചെയ്തു
|കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമാകും ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും വിശദമായി ചോദ്യം ചെയ്യുക
സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീകുമാറിനെയും റിമാൻഡ് ചെയ്തു. ജൂലൈ രണ്ട് വരെയാണ് ഇവരുടെ റിമാൻഡ് കാലാവധി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻ ജി ഓ സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് വ്യാജരേഖകൾ ചമച്ചെന്ന കേസിൽ ഇന്നലെയാണ് ടീസ്റ്റയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുബൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. എടിഎസ് ഡിഐജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള നാലംഗസംഘം കേസ് അന്വേഷിക്കും. പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദനമേറ്റതായി ടീസ്റ്റ പറഞ്ഞു. ഇന്ന് പുലർച്ചയോടെയാണ് ടീസ്റ്റയെ അഹമ്മദാമ്മദിലെത്തിച്ചത്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് എടിഎസ് ഡിഐജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള പ്രത്യേകസംഘം അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു കൈ ഉയർത്തിക്കാട്ടി പോലീസ് മർദിച്ചതായി ടീസ്റ്റ പറഞ്ഞത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് താൻ കുറ്റക്കാരിയല്ലെന്ന് ടീസ്റ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമാകും ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും വിശദമായി ചോദ്യം ചെയ്യുക. സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പങ്കുവെച്ചു. വിദ്വേഷത്തിനും വിവേചനത്തിനെതിരെ ശബ്ദമുയർത്തുന്ന ആളാണ് ടീസ്റ്റയെന്നും അവരെ വിട്ടയക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക റിപ്പോർട്ടർ മേരി ലോലർ ട്വീറ്റ് ചെയ്തു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ടിസ്റ്റയെ കസ്റ്റഡിയിലെടുത്ത നടപടിയെ സിപിഎം അപലപിച്ചു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്റ്റ സെതൽവാദെന്നും കള്ളകേസ് പിൻവലിച്ച് ടീസ്റ്റയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.