India
Bengaluru,Techie Falls,Software Engineer,Fall To Death,Balcony,Bengaluru,Divyanshu,new year party,
India

ന്യൂയര്‍ ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ ഫ്ളാറ്റിലെത്തി; സിഗരറ്റ് ചാരം കളയുന്നതിനിടെ 33-ാം നിലയിൽ നിന്ന് കാൽവഴുതി വീണ് ടെക്കി മരിച്ചു

Web Desk
|
31 Dec 2023 10:02 AM GMT

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: സുഹൃത്തിന്റെ ഫ്‌ളാറ്റിൽ നടന്ന പാർട്ടിക്കിടെ 33-ാം നിലയിൽ നിന്ന് കാൽവഴുതിവീണ് സോഫ്റ്റ് വെയർ എൻജീനീയർക്ക് ദാരുണാന്ത്യം.ബെംഗളൂരുവിലെ കെആർ പുരയ്ക്കടുത്തുള്ള ഭട്ടരഹള്ളിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ദിവ്യാൻഷു ശർമ്മ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ബാൽക്കണിയിൽ നിന്ന് സിഗരറ്റിന്റെ ചാരം കളയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു.

ന്യൂയറിനോടനുബന്ധിച്ച് പാർട്ടിയിൽ പങ്കെടുക്കാനായി സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തിയതായിരുന്നു ദിവ്യാൻഷു ശർമ്മ. രാവിലെ ഏഴുമണിയോടെ അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരാണ് ദിവ്യാൻഷുവിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ താമസക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ദിവ്യാൻഷുവിന്റെ ഐഡി കാർഡിന്റെ ഫോട്ടോ ഉൾപ്പെടുത്തിയ സന്ദേശം അയക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സുഹൃത്തുക്കളും മരണവിവരം അറിയുന്നത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് ദിവ്യാൻഷു ശർമ്മയും മറ്റ് സുഹൃത്തുക്കളും ഫ്‌ളാറ്റിലെത്തിയത്. പബ്ബില്‍ നിന്ന് പുലർച്ചെ രണ്ടരയോടെയാണ് ഇവർ ഫ്‌ളാറ്റിൽ മടങ്ങിയതെത്തിയതും പിന്നീട് ഉറങ്ങാൻ കിടന്നതുമെന്നുമാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പാത്രത്തിലുണ്ടായിരുന്ന സിഗരറ്റ് ചാരം കളയാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നെന്നാണ് നിഗമനം. യുവാവ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയൊള്ളൂവെന്നും പൊലീസ് പറയുന്നു.

ദിവ്യാൻഷുവിന്റെ പിതാവ് മുന്‍ ഇന്ത്യൻ എയർഫോഴ്‌സ് ജീവനക്കാരനാണ്. ബെംഗളൂരുവിലെ ഹൊറമാവുവിലാണ് കുടുംബം താമസിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts