ദേശീയ പതാക ഉയർത്തുന്നതിനിടെ ടെറസിൽ നിന്ന് വീണ് ടെക്കി മരിച്ചു
|ബംഗളൂരുവിലെ ഹെന്നൂർ മേഖലയിലാണ് സംഭവം
ബെംഗളൂരു: ദേശീയ പതാക ഉയർത്താനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് 33 കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു. ഞായറാഴ്ച ബംഗളൂരുവിലെ ഹെന്നൂർ മേഖലയിലാണ് സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എഞ്ചിനീയർ വിശ്വാസ് കുമാറാണ് മരിച്ചത്. ഹെന്നൂർ ഭാഗത്തെ എച്ച്ബിആർ ലേഔട്ടിലെ വി ബ്ലോക്കിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഭാര്യക്കും രണ്ടുവയസ്സുള്ള മകൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ഇദ്ദേഹം.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സ്വദേശിയാണ് വിശ്വാസ് കുമാർ. മാതാപിതാക്കളുടെ ഏക മകനായിരുന്നു. ഉടൻതന്നെ വിശ്വാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ വിശ്വാസ് കുമാർ ദേശീയ പതാക ഉയർത്താൻ ടെറസിലേക്ക് പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ടെറസിൽ കയറി തൂണിൽ പതാക കെട്ടാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍തെറ്റി താഴെ വീഴുകയായിരുന്നു.