India
കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിച്ചത്  ‘ബാലപീഡനമെന്ന്’ ഗൂഗിൾ;   ഇ-മെയിൽ അക്കൗണ്ട് മരവിപ്പിച്ചു
India

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിച്ചത് ‘ബാലപീഡനമെന്ന്’ ഗൂഗിൾ; ഇ-മെയിൽ അക്കൗണ്ട് മരവിപ്പിച്ചു

Web Desk
|
18 March 2024 9:53 AM GMT

യുവാവിന്റെ ഇ-മെയിൽ ​​​േബ്ലാക്ക് ചെയ്തതിനെതിരെ ഗൂഗിളിന് നോട്ടീസ് അയച്ച് ഹൈക്കോടതി

അഹമ്മദാബാദ്: കുട്ടിക്കാല​ത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്തയാളുടെ ഇ-മെയിൽ അക്കൗണ്ട് ​േബ്ലാക്ക് ചെയ്ത് ഗൂഗിൾ. രണ്ട് വയസ്സുള്ളപ്പോൾ മുത്തശ്ശി തന്നെ കുളിപ്പിക്കുന്ന ഫോട്ടോ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്‌തതിനാണ് അഹമ്മദാബാദ് സ്വദേശിയായ യുവാവിന്റെ ഇ-മെയിൽ അക്കൗണ്ട് ഗൂഗിൾ മരവിപ്പിച്ചത്.

ഒരു വർഷത്തോളമായി ഇ-മെയിൽ അക്കൗണ്ട് ഉപയോഗിക്കാനാകാകുന്നില്ല. ഇതിനെ തുടർന്നാണ് യുവാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈകോടതി ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയക്കുകയായിരുന്നു. ജസ്റ്റിസ് വൈഭവി ഡി നാനാവതിയാണ് ഗൂഗിളിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മാർച്ച് 26 നകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.

നീൽ ശുക്ല എന്ന കമ്പ്യൂട്ടർ എഞ്ചിനീയറാണ് കുട്ടിക്കാലത്ത് മുത്തശ്ശിയെ കുളിപ്പിക്കുന്ന ചിത്രം ഉൾപ്പെടെയുള്ള ബാല്യകാല ഫോട്ടോകൾ നഷ്ടപ്പെടാതിരിക്കാൻ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ‘ബാലപീഡനം’ പ്രകടമാകുന്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്തതില​ൂടെ ഗൂഗിളിന്റെ പോളിസി ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തതത്.

ഗൂഗിളിന്റെ പരാതി പരിഹാര സംവിധാനം വഴി പരാതി നൽകിയെങ്കിലും സംഭവം പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇ-മെയിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനാൽ ശുക്ലയ്ക്ക് ഇമെയിലുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് തന്റെ ബിസിനസിന് നഷ്ടമുണ്ടാക്കിയെന്നും ശുക്ഷ പറഞ്ഞു. തന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ലിങ്ക് ചെയ്‌തിരിക്കുന്ന ഡാറ്റകൾ ഒരു വർഷത്തിനുള്ളിൽ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും, അതിനാൽ അടിയന്തര വാദം കേൾക്കണമെന്നും ശുക്ല കോടതിയോട് ആവശ്യപ്പെട്ടു.

Related Tags :
Similar Posts