യുപിയില്‍ പീഡനത്തിനിരയായ 19കാരിയെ പ്രതിയുടെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി
|പ്രതിയും കൊലപാതകത്തിൽ പങ്കാളിയാണെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു
ലഖ്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നതായി പരാതി. ഉത്തർപ്രദേശ് കൗസംബി ജില്ലയിലെ മഹെവാഘട്ടിലാണ് കൊല നടന്നത്. കൊലപാതകം നടത്തിയത് പീഡനക്കേസിലെ പ്രതിയുടെ സഹോദരനാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയും കൊലപാതകത്തിൽ പങ്കാളിയാണെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സഹോദരങ്ങളായ അശോകും നിഷാദും കൊലപാതകത്തിന് കുറച്ചു ദിവസം മുന്‍പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മൂന്നു വര്‍ഷം മുന്‍പായിരുന്നു പവന്‍ നിഷാദ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയ അന്നു മുതല്‍ പവന്‍റെ സുഹൃത്തുക്കള്‍ 19കാരിയെ ഉപദ്രവിച്ചിരുന്നു. പവന്‍റെ സഹോദരൻ അശോക് നിഷാദ് മറ്റൊരു കൊലപാതകക്കേസിലെ പ്രതിയാണെന്നും യുവതിയുടെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് മോചിതനായെന്നും പൊലീസ് കൂട്ടിച്ചേർത്തു. കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ നിര്‍ബന്ധിക്കാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.
എന്നാല്‍ കേസില്‍ നിന്നും പിന്‍മാറാന്‍ യുവതി തയ്യാറായില്ല. വീടിനു സമീപത്ത വയലില്‍ കന്നുകാലികളെ മേയ്ച്ചു മടങ്ങുകയായിരുന്ന യുവതിയെ സഹോദരങ്ങൾ പതിയിരുന്ന് വെട്ടിക്കൊല്ലുകയായിരുന്നു.തുടര്‍ന്ന് ഇരുവരും ഓടിരക്ഷപ്പെട്ടു. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൗസംബി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
സംഭവത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. "കൗസംബിയിൽ രണ്ട് ക്രൂരന്മാർ ഒരു പെൺകുട്ടിയെ പരസ്യമായി കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ഒരു ക്രിമിനൽ രണ്ട് ദിവസം മുമ്പ് ഒരു കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. മറ്റൊരാൾ അതേ മരിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിയാണ്.യുപിയിലെ ക്രൂരന്മാർ ഭയമില്ലാത്തവരാണ്, അവർക്ക് നിയമത്തെ ഭയമില്ല... ബഹുമാനവുമില്ല. ഇവിടെ പെൺമക്കൾ സുരക്ഷിതരല്ല, നഷ്ടപ്പെട്ട മാനത്തെക്കുറിച്ച് ശബ്ദമുയർത്തിയാൽ അവർക്ക് ജീവൻ പോലും നഷ്ടപ്പെടേണ്ടി വന്നേക്കാം. ഈ ഇരുണ്ട നഗരത്തിലെ ഇരുട്ട് എന്ന് മാറും'' യുപി കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.
സ്ത്രീകളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കെതിരെ യമരാജന്‍ പ്രതികാരം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് രണ്ട് മാസത്തിന് ശേഷമാണ് ഈ സംഭവം.