''മോദി സർക്കാരിനെ പുറത്താക്കാൻ വൻ ഗൂഢാലോചന; ടീസ്റ്റയ്ക്ക് ലഭിച്ചത് 30 ലക്ഷവും പത്മശ്രീയും''-എസ്.ഐ.ടി റിപ്പോർട്ടിലെ ആരോപണങ്ങൾ
|''2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം. കൂട്ടക്കൊല നിയന്ത്രിക്കാനുള്ള മോദിയുടെ മനസില്ലായ്മയെ തുടർന്നാണ് അടൽ ബിഹാരി വാജ്പേയ് രാജധർമ്മത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.''
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനു പിന്നാലെ അന്നത്തെ മോദി സർക്കാരിനെ പുറത്താക്കാൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനൊപ്പം സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദും ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. കലാപക്കേസുകളിൽ നരേന്ദ്ര മോദി അടക്കമുള്ളവരെ പ്രതിചേർക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ഇന്ന് കോടതിയിൽ ആരോപിച്ചിരിക്കുന്നത്.
പട്ടേലും ടീസ്റ്റയും സഞ്ജീവ് ഭട്ടും തമ്മിലുള്ള കൂടിക്കാഴ്ചകൾ
ടീസ്റ്റയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്.ഐ.ടി സമർപ്പിച്ച 12 പേരജുള്ള റിപ്പോർട്ടിലാണ് അഹമ്മദ് പട്ടേലിനും ടീസ്റ്റയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. അന്നത്തെ ഗുജറാത്ത് സർക്കാരിനെ അസ്ഥിരപ്പെടുത്തി പുറത്താക്കുകയായിരുന്നു ഇരുവരും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം സർക്കാരിലെ മന്ത്രിമാരെയും വിവിധ ഉദ്യോഗസ്ഥരെയും കലാപക്കേസിൽ പ്രതിചേർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
''കോൺഗ്രസിനു വേണ്ടിയായിരുന്നു ഗൂഢാലോചന നടന്നത്. നേതൃത്വം നൽകിയത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലും. ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തിനു തൊട്ടുപിന്നാലെ പട്ടേലുമായി ടീസ്റ്റ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ആദ്യഘട്ടമായി അഞ്ചുലക്ഷം ടീസ്റ്റയ്ക്ക് നൽകുകയും ചെയ്തു.''-റിപ്പോർട്ടിൽ ആരോപിക്കുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഗവൺമെന്റ് സർക്യൂട്ട് ഹൗസിൽ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ''ഈ ദിവസം അഹമ്മദ് പട്ടേലിന്റെ നിർദേശപ്രകാരം 25 ലക്ഷം കൂടി ടീസ്റ്റയ്ക്ക് നൽകി. ഇത് ഏതെങ്കിലും ദുരിതാശ്വാസ ആവശ്യങ്ങൾക്കായി നൽകിയതല്ല. അന്നത്തെ ഗുജറാത്ത് പൊലീസ് എ.ഡി.ജി.പി ആർ.ബി ശ്രീകുമാർ, സംസ്ഥാന ഐ.ബി തലവൻ സഞ്ജീവ് ഭട്ട് എന്നിവരുമായും ടീസ്റ്റ കൂടിക്കാഴ്ച നടത്തിയിരുന്നു. ദുരിതാശ്വസ പ്രവർത്തനത്തിന്റെ ഭാഗമായായിരുന്നില്ല ഇവരുടെ കൂടിക്കാഴ്ചയും. കാരണം ഇരുവരും ഔദ്യോഗികതലത്തിൽ അത്തരം പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നില്ല.''-റിപ്പോർട്ടിൽ തുടരുന്നു.
ടീസ്റ്റ മോദിയടക്കമുള്ളവർക്കെതിരെ വ്യാജരേഖയും വ്യാജതെളിവുകളും ചമച്ചെന്നും എസ്.ഐ.ടി ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിച്ച് നേരത്തെ തയാറാക്കിയ സത്യവാങ്മൂലം പറയിപ്പിച്ചു. ഇതിനെല്ലാം ഉപകാരസ്മരണയെന്നോണം 2007ൽ അന്നത്തെ യു.പി.എ സർക്കാർ ടീസ്റ്റയ്ക്ക് പത്മശ്രീ നൽകിയെന്നും ആരോപണമുണ്ട്. സമാനമായി സഞ്ജീവ് ഭട്ട് കോൺഗ്രസ് നേതാക്കളുമായി നിരവധി തവണ ഇ-മെയിൽ വഴി ബന്ധപ്പെട്ടതായും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
''ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള മോദിയുടെ തന്ത്രം''
അന്തരിച്ച അഹമ്മദ് പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട നികൃഷ്ടമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നതായി പ്രത്യേക അന്വേഷണ സംഘത്തിൻറെ അവകാശവാദത്തോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് പറഞ്ഞു. 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും കോൺഗ്രസ് ആരോപിച്ചു.
''ഈ കൂട്ടക്കൊല നിയന്ത്രിക്കാനുള്ള മോദിയുടെ മനസില്ലായ്മയും കഴിവില്ലായ്മയുമാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ രാജധർമ്മത്തെക്കുറിച്ച് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ യന്ത്രം രാഷ്ട്രീയ എതിരാളികളായിരുന്ന പരേതരെ പോലും വെറുതെ വിടുന്നില്ല. ഈ എസ്.ഐ.ടി തങ്ങളുടെ രാഷ്ട്രീയ യജമാനന്റെ താളത്തിനനുസരിച്ച് തുള്ളുകയാണ്.'' മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയതിന് ശേഷം എസ്.ഐ.ടി മേധാവിക്ക് നയതന്ത്ര ചുമതല നൽകിയത് എങ്ങനെയെന്ന് തങ്ങൾക്ക് അറിയാമെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ, അഹമ്മദ് പട്ടേലിന്റെ നിർദേശപ്രകാരം ടീസ്റ്റ സെതൽവാദും കൂട്ടാളികളും ചേർന്നാണ് ഗുജറാത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്ന് ബി.ജെ.പി തിരിച്ചടിച്ചു.
Summary: Teesta Setalvad got Rs 30 Lakh, Padma Shri for aiding plot to destabilise Narendra Modi govt in 2001: SIT report