India
രോഗം മാറ്റാനെത്തിച്ച ഒരു വയസുകാരനെ പല്ല് പറിച്ചെടുത്ത ശേഷം നിലത്തെറിഞ്ഞ് കൊന്നു; യു.പിയിൽ മന്ത്രവാദി അറസ്റ്റിൽ
India

രോഗം മാറ്റാനെത്തിച്ച ഒരു വയസുകാരനെ പല്ല് പറിച്ചെടുത്ത ശേഷം നിലത്തെറിഞ്ഞ് കൊന്നു; യു.പിയിൽ മന്ത്രവാദി അറസ്റ്റിൽ

Web Desk
|
10 Feb 2023 11:14 AM GMT

കുടുംബം നോക്കുമ്പോൾ‍ ബോധമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്.

ലഖ്നൗ: രോ​ഗം മാറ്റാനായി എത്തിച്ച ഒരു വയസുകാരനെ ചികിത്സയെന്ന പേരിൽ മന്ത്രവാദി പല്ല് പറിച്ചെടുത്ത ശേഷം നിലത്തെറിഞ്ഞു കൊന്നു. ഉത്തർപ്രദേശ് ബുലന്ദ്ശഹറിലെ ധാകർ ​ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് കൊടുംക്രൂരത അരങ്ങേറിയത്. അനുജ് എന്ന കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അസുഖം ബാധിച്ച കുഞ്ഞിനെ മാതാപിതാക്കൾ ദുർ‍മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോവുകയായിരുന്നെന്ന് അമ്മാവൻ പറഞ്ഞു. പ്രാദേശിക തന്ത്രിയെന്ന് പൊലീസ് വിശേഷിപ്പിച്ച മന്ത്രവാദി പല്ലുകൾ പറിച്ചെടുത്ത ശേഷം കുഞ്ഞിനെ നിലത്തേക്ക് എറിയുകയായിരുന്നു. കുടുംബം നോക്കുമ്പോൾ‍ ബോധമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതിൽ കോപാകുലരായ ബന്ധുക്കൾ കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തുകയും പ്രതിയായ ദുർമന്ത്രവാദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മധ്യപ്രദേശിൽ‍ അസുഖം മാറാൻ മന്ത്രവാദിനി ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ചതിനെ തുടർ‍ന്ന് ഈയടുത്ത് രണ്ട് പിഞ്ഞുകുഞ്ഞുങ്ങൾ മരിച്ചതിന്റെ ഞെട്ടൽ‍ മാറും മുമ്പാണ് യു.പിയിലെ സംഭവം. മധ്യപ്രദേശിലെ ഷാഡോളിലാണ് ചുട്ടുപഴുത്ത ഇരുമ്പുകമ്പി കൊണ്ടു പൊള്ളലേൽപിച്ചുള്ള വ്യാജചികിത്സയ്ക്കു വിധേയരായ രണ്ട് കുട്ടികൾ മരിച്ചത്.

40കാരിയായ മന്ത്രവാദിനിയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. സമത്പുർ ഗ്രാമത്തിലെ സൂരജ് കോലിന്റെ മകൾ മൂന്നു മാസം പ്രായമുള്ള ശുഭിയും കാതോട്യ ഗ്രാമത്തിലെ രണ്ടര മാസം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചിരുന്നത്.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് 50ലേറെ തവണയും രണ്ടാമത്തെ കുട്ടിക്ക് 20ലേറെ തവണയുമാണ് പൊള്ളലേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ രണ്ട് ആശാവർക്കർമാരെയും സൂപ്പർവൈസറെയും സർവീസിൽ നിന്നു പിരിച്ചുവിടുകയും മന്ത്രവാദിനിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി ​ഗ്രാമങ്ങളിലാണ് ഡോക്ടമാരുടെ അഭാവത്തെ തുടർന്ന് ആളുകൾ ഇത്തരം ദുർമന്ത്രവാദികളുടേയും മുറിവൈദ്യരുടേയും അടുക്കലേക്ക് ചികിത്സയ്ക്കായി പോവുന്നത്. ഇതാണ് പിന്നീട് രോ​ഗികളുടെ മരണത്തിൽ കലാശിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 10 ലക്ഷത്തോളം മുറിവൈദ്യന്മാർ അലോപതി ചികിത്സിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ‍ അസോസിയേഷൻ കണക്ക്.

Similar Posts