ബിഹാർ ബിജെപിയെ തുടച്ചുനീക്കും,ഇന്‍ഡ്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും: തേജസ്വി യാദവ്
|ജനങ്ങൾ നരേന്ദ്രമോദിയിൽ അസ്വസ്ഥരാണ്
പറ്റ്ന: ബിഹാറില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്നും ഇന്‍ഡ്യ സഖ്യം ബിഹാറില്‍ വിജയിക്കുകയാണെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജനങ്ങൾ നരേന്ദ്രമോദിയിൽ അസ്വസ്ഥരാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ മോദി സംസാരിക്കുന്നില്ല. വിദ്വേഷം മാത്രമാണ് അദ്ദേഹം പറയുന്നതെന്നും തേജസ്വി മീഡിയവണിനോട് പറഞ്ഞു.
മോദിയുടെ ഒരേയൊരു ജോലി ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. ഇന്ത്യയിലുള്ളവരെ തമ്മിലടിപ്പിക്കുന്നു. ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കും. ഇൻഡ്യ സഖ്യം എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്നു. ബി.ജെ.പി അന്വേഷണ ഏജൻസികളെയും ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഇന്‍ഡ്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നൽകണമെന്നത് മമതയുടെ തീരുമാനമാണ്. എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രധാനമന്ത്രി ആരെന്നത് ഒരുമിച്ച് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും തേജസ്വി വ്യക്തമാക്കി.