ഇത്തവണ മീനല്ല, ഓറഞ്ച്; ഇത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ലെന്ന് തേജസ്വി യാദവ്
|നവരാത്രിയ്ക്ക് മീന്‍ കഴിച്ചുവെന്ന ആക്ഷേപമാണ് തേജസ്വി യാദവിനെതിരെ ബിജെപി ഉന്നയിച്ചത്
ഡല്‍ഹി: ഹെലികോപ്റ്ററിലിരുന്ന് മീന്‍ കഴിക്കുന്ന ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീഡിയോ ബിജെപി വിവാദമാക്കിയതിന് പിന്നാലെ മറുപടിയായി മറ്റൊരു വീഡിയോ കൂടി പങ്കുവച്ച് തേജസ്വി യാദവ്. ഹെലികോപ്റ്ററില്‍ ഓറഞ്ച് കഴിക്കുന്ന വിഡിയോയാണ് തേജസ്വി യാദവ് പങ്കുവച്ചത്. ഇത്തവണ ഹെലികോപ്റ്ററില്‍ ഓറഞ്ച് പാര്‍ട്ടിയാണെന്നും ഈ ഓറഞ്ച് നിറം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ലെന്നും വിഡിയോയില്‍ തേജസ്വി യാദവ് പറയുന്നു. തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം മുന്‍ മന്ത്രി മുകേഷ് സാഹ്നിയുമുണ്ട്.
നവരാത്രിയ്ക്ക് മീന്‍ കഴിച്ചുവെന്ന ആക്ഷേപമാണ് തേജസ്വി യാദവിനെതിരെ ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര്‍ സിന്‍ഹ ഉയര്‍ത്തിയത്. ശ്രാവണ കാലത്ത് ആട്ടിറച്ചി കഴിക്കുന്നതും നവരാത്രിയില്‍ മീന്‍ കഴിക്കുന്നതും സനാതന ധര്‍മ്മ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ആരോപണം. നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രില്‍ ഒന്‍പതിന് തേജസ്വി പങ്കിട്ട ഒരു വീഡിയോയാണ് വിവാദത്തിന് ഇടയാക്കിയത്. ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നതിനിടെ വികാസ്ശീല്‍ ഇന്‍സാന്‍ പാട്ടിയുടെ നേതാവ് മുകേഷ് സാഹ്നിയും തേജസ്വി യാദവും മത്സ്യം ആസ്വദിച്ച് കഴിക്കുന്നതായിരുന്നു വിവാദ വീഡിയോയില്‍ ഉണ്ടായിരുന്നത്.