ഗുജറാത്തികളെ കുറിച്ചുള്ള പരാമർശം; തേജസ്വി യാദവിന് കോടതിയുടെ സമൻസ്
|സെപ്തംബർ 22ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മുതിർന്ന ആർജെഡി നേതാവിന് കോടതി സമൻസ് അയച്ചത്.
അഹമ്മദാബാദ്: ഗുജറാത്തികളെ കുറിച്ചുള്ള പരാമർത്തിന്റെ പേരിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കോടതിയുടെ സമൻസ്. "ഗുജറാത്തികൾക്ക് മാത്രമേ തട്ടിപ്പുകാരാകാൻ കഴിയൂ" എന്ന പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അഹമ്മദാബാദിലെ മെട്രോപൊളിറ്റൻ കോടതിയുടെ നടപടി.
ക്രിമിനൽ മാനനഷ്ടത്തിന് ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത കേസിൽ സെപ്തംബർ 22ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മുതിർന്ന ആർജെഡി നേതാവിന് അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡി.ജെ പർമർ സമൻസ് അയച്ചത്.
തേജസ്വി യാദവിനെതിരെ ക്രിമിനൽ നടപടി ചട്ടം (സിആർപിസി) സെക്ഷൻ 202 പ്രകാരം കോടതി അന്വേഷണം നടത്തി, സമൻസ് അയയ്ക്കാൻ മതിയായ കാരണങ്ങൾ ഉള്ളതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഹരേഷ് മേത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ.
ഈ വർഷം മാർച്ച് 21ന് ബീഹാറിലെ പട്‌നയിൽ മാധ്യമങ്ങൾക്ക് മുന്നിൽ തേജവി യാദവ് നടത്തിയ പ്രസ്താവനയുടെ വീഡിയോ സഹിതമാണ് ഹരേഷ് മേത്ത കോടതിയെ സമീപിച്ചത്.