ജോലിക്ക് പകരം ഭൂമി അഴിമതി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തേജസ്വി യാദവ്
|ഗർഭിണിയായ ഭാര്യ ആശുപത്രിയിലായതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നാണ് തേജസ്വി സി.ബി.ഐയെ അറിയിച്ചത്.
പട്‌ന: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായി തേജസ്വി യാദവിന് സി.ബി.ഐയെ അറിയിച്ചു. നേരത്തെ മാർച്ച് നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.
ഗർഭിണിയായ ഭാര്യ ആശുപത്രിയിലായതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നാണ് തേജസ്വി സി.ബി.ഐയെ അറിയിച്ചത്. ഇന്നലെ തേജസ്വിയുടെ ഡൽഹിയിലെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് തേജസ്വിയുടെ ഭാര്യയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തേജസ്വിക്ക് പുറമെ ലാലുവിന്റെ മക്കളായ രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. മകൾ രാഗിണിയുടെ ഭർത്താവും എസ്.പി നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആർ.ജെ.ഡി മുൻ എം.എൽ.എയും ലാലുവിന്റെ ഉറ്റ സുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.
ബി.ജെ.പിയെ വിട്ടൂവീഴ്ചയില്ലാതെ എതിർത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ സി.ബി.ഐ റെയ്ഡ് എന്ന് തേജസ്വി യാദവ് പറഞ്ഞു. ബി.ജെ.പിയെ എതിർക്കുന്നവരെ വേട്ടയാടുകയും അവരെ അനൂകൂലിക്കുന്നവരെ സഹായിക്കുന്നവരുമാണ് കേന്ദ്ര ഏജൻസികളെന്നത് പരസ്യമായ രഹസ്യമാണെന്നും തേജസ്വി യാദവ് പറഞ്ഞു.