India
Tejashwi Yadavs Wait And Watch Note After RJDs Big Bihar Setback
India

'നിതീഷ് മടങ്ങിവരുമോ?'; കാത്തിരുന്ന് കാണാമെന്ന് തേജസ്വി യാദവ്

Web Desk
|
5 Jun 2024 7:53 AM GMT

നിതീഷ് കുമാറും തേജസ്വിയും ഒരേ വിമാനത്തിലാണ് ഡൽഹിയിലെത്തിയത്.

ന്യൂഡൽഹി: ജെ.ഡി (യു) പിന്തുണയോടെ ഇൻഡ്യാ സഖ്യം സർക്കാറുണ്ടാക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്ന് തേജസ്വി യാദവിന്റെ മറുപടി. കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്നണി യോഗങ്ങളിൽ പങ്കെടുക്കാനായി ഇരുനേതാക്കളും ഡൽഹിയിലുണ്ട്. നിതീഷ് എൻ.ഡി.എ യോഗത്തിലും തേജസ്വി ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിലുമാണ് പങ്കെടുക്കുക.

ഇരുവരും ഒരു വിമാനത്തിലാണ് ഡൽഹിയിലേക്ക് വന്നത്. ലോക് ജനശക്തി പാർട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് ഡൽഹിക്ക് പുറപ്പെട്ടത്. തങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തങ്ങളുടെ പോരാട്ടം. അയോധ്യയിൽ ഇൻഡ്യാ സഖ്യത്തെ രാമൻ അനുഗ്രഹിച്ചു. അതുകൊണ്ട് തന്നെ മോദി പ്രഭാവം അസ്തമിച്ചു എന്നത് വ്യക്തമാണ്. ഭൂരിപക്ഷത്തിൽനിന്ന് ഏറെ അകലെയാണ് ബി.ജെ.പി. അവർക്ക് ഇപ്പോൾ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഭരണഘടന സംരക്ഷിക്കുന്നതിൽ വിജയിച്ചു എന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിൽ ഇൻഡ്യാ സഖ്യത്തിന് കനത്ത തോൽവി നേരിട്ടതാണ് ദേശീയതലത്തിൽ തിരിച്ചടിയായത്. നാല് സീറ്റ് മാത്രമാണ് ഇവിടെ ആർ.ജെ.ഡിക്ക് നേടാനായത്. ബി.ജെ.പിയും ജെ.ഡി (യു)വും 12 സീറ്റുകൾ വീതം നേടി. എൽ.ജെ.പിക്ക് അഞ്ച് സീറ്റുണ്ട്. കോൺഗ്രസ് മൂന്ന് സീറ്റ് നേടി. സി.പി.എം (എം.എൽ) (എൽ) രണ്ട് സീറ്റ് നേടി.

Similar Posts