India
1,800 ദിവസങ്ങളിൽ ഒരിക്കൽ പോലും ഈ പ്രശ്നം ഉന്നയിച്ചില്ല..; മുണ്ടക്കൈ ദുരന്തത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനം
India

'1,800 ദിവസങ്ങളിൽ ഒരിക്കൽ പോലും ഈ പ്രശ്നം ഉന്നയിച്ചില്ല..'; മുണ്ടക്കൈ ദുരന്തത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനം

Web Desk
|
31 July 2024 2:05 PM GMT

'മതസംഘടനകളില്‍ നിന്ന് സമ്മര്‍ദമുള്ളതിനാലാണ് അനധികൃത കയ്യേറ്റങ്ങള്‍ തടയാനാവാത്തതെന്ന് കേരളത്തിലെ വനം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അനധികൃത കയ്യേറ്റം തടയാത്തത് വോട്ട് ബാങ്കിനെ തുടര്‍ന്ന്'

ന്യൂഡൽഹി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായിരുന്ന രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ച് ബിജെപി എംപി തേജസ്വി സൂര്യ. വയനാട്ടിലെ എംപിയായിരുന്ന രാഹുല്‍ ഗാന്ധി ഒരു തവണപോലും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ലെന്ന് തേജസ്വി പറഞ്ഞു. വയനാട് എം.പിയായിരുന്ന രാഹുൽ ഗാന്ധി 1,800 ദിവസങ്ങളിൽ ഒരിക്കൽ പോലും ഉരുൾപൊട്ടലിന്റെയും വെള്ളപ്പൊക്കത്തിന്റെയും രൂക്ഷമായ പ്രശ്‌നങ്ങൾ പാർലമെന്റിൽ സംസാരിച്ചിട്ടില്ലെന്നാണ് തേജസ്വി സൂര്യ ലോക്സഭയിൽ പറഞ്ഞത്.

മതസംഘടനകളില്‍ നിന്ന് സമ്മര്‍ദമുള്ളതിനാലാണ് അനധികൃത കയ്യേറ്റങ്ങള്‍ തടയാനാവാത്തതെന്ന് വനം മന്ത്രിയായിരുന്ന കെ രാജു 2021-ല്‍ കേരള നിയമസഭയില്‍ സമ്മതിച്ചിരുന്നതായും അദ്ദേഹം പറ‍ഞ്ഞു. 2020-ല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വയനാട്ടില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് 4000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇന്നുവരെ ഒരു നടപടിയും എടുത്തിട്ടില്ല. വയനാട്ടിലെ എം.പിയായ രാഹുൽ ഈ പ്രശ്‌നം ഒരിക്കൽപോലും ഉന്നയിച്ചിട്ടുമില്ല.- തേജസ്വി പറഞ്ഞു. വയനാട്ടിലെയും ബന്ധപ്പെട്ട പ്രദേശത്തെയും വോട്ട് ബാങ്കിനെ തുടർന്നാണ് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ദുരന്തത്തെ രാഷ്ട്രീയ വൽകരിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി പ്രതികരിച്ചു. ഈ വിഷയം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചിരുന്നു. വയനാട്ടിൽ സംഭവിച്ചത് വിവരിക്കാനാവാത്തകാര്യമാണ്. ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് കെ.സി പറഞ്ഞത്.

അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദുരന്തബാധിത പ്രദേശം സന്ദർശിക്കും. ഇരുവരും വ്യാഴാഴ്ച പ്രദേശം സന്ദർശിക്കുമെന്നും പ്രശ്‌നബാധിതരെ കാണുമെന്നുമാണ് പുറത്തുവരുന്ന വിവരം.


Similar Posts