'ഇവിടെ വന്ന് ഓഫീസ് തുറക്കൂ'; ഇ.ഡിയെ വെല്ലുവിളിച്ച് തേജസ്വി യാദവ്
|"നിതീഷ് കുമാർ പ്രധാനമന്ത്രി പദത്തിന് യോഗ്യന്‍"
ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. അന്വേഷണ ഏജൻസികൾ തന്റെ വീട്ടിൽവന്ന് ഓഫീസ് തുറക്കട്ടെ എന്നാണ് അദ്ദേഹത്തിന്‍റെ വെല്ലുവിളി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലാലുവിന്റെ മകന്റെ പ്രതികരണം.
'അവരെ (അന്വേഷണ ഏജൻസികൾ) എന്റെ വീട്ടിൽ ഓഫീസ് തുടങ്ങാൻ അനുവദിക്കുന്നു. നിങ്ങളുടെ ചാനൽ വഴി ഞാൻ ക്ഷണിക്കുകയാണ്. ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ്... വന്ന് നിങ്ങൾക്കിഷ്ടമുള്ള കാലം താമസിച്ചോളൂ.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ പാർട്ടി സെൽ പോലെയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി പദത്തിന് യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. 'അദ്ദേഹത്തിന് അനുഭവ സമ്പത്തുണ്ട്. ഭരണപരിചയമുണ്ട്. സാമൂഹികപരിചയമുണ്ട്. രാജ്യസഭയൊഴിച്ച് എല്ലാ സഭകളിലും അംഗമായിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്നു. പറയൂ, മോദിജിക്ക് പ്രധാനമന്ത്രി ആകാമെങ്കിൽ എന്തു കൊണ്ട് നിതീഷ് ജിക്ക് ആയിക്കൂടാ' - അദ്ദേഹം ചോദിച്ചു.
ജെഡിയുവുമായി സഖ്യം ചേരാനുള്ള തീരുമാനം മുൻകൂട്ടി എടുത്തതല്ലെന്നും പൊടുന്നനെ സംഭവിച്ചതാണ് എന്നും തേജസ്വി അവകാശപ്പെട്ടു. ഇത് ബിഹാറിന്റെ ആവശ്യമാണ്. തങ്ങൾ രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിതീഷ് കുമാർ അത്ര തൃപ്തനല്ല എന്ന് തങ്ങൾക്കു തോന്നി. ബിജെപി അദ്ദേഹത്തിന് മേൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. അത് അദ്ദേഹത്തന്റെ മുഖത്ത് കാണാമായിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരുന്ന് റോഡ് മാപ്പ് ഉണ്ടാക്കണം. ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്രമോദിക്കെതിരെ ഒരു മുഖം ആഗ്രഹിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിത നീക്കത്തിൽ നിതീഷ് കുമാർ എൻഡിഎ വിട്ട് ആർജെഡിയോട് സഖ്യപ്പെട്ടത്. മഹാസഖ്യത്തിന്റെ ബാനറിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
Summary: Tejashwi Yadav, day after taking oath as the Deputy Chief Minister of Bihar, says the decision to forge an alliance with Chief Minister Nitish Kumar was spontaneous