തെലങ്കാന നാളെ പോളിങ് ബൂത്തിലേക്ക്
|നിശ്ശബ്ദപ്രചാരണത്തിലും വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ
ഹൈദരാബാദ്: തെലങ്കാന നാളെ പോളിങ് ബൂത്തിലേക്ക്.നിശ്ശബ്ദപ്രചാരണത്തിലും വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ. 119 മണ്ഡലങ്ങളിലെ മൂന്ന് കോടി 17 ലക്ഷം വോട്ടർമാരാണ് നാളെ പോളിങ്ങ് ബൂത്തിലെത്തുന്നത്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന വോട്ടെടുപ്പാണ് നാളെ തെലങ്കാനയിൽ നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു. കർഷകർകുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഭാവവുമാണ് ബി .ആർ എസിന്റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.
മോദി - അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിയും ശക്തമായ പ്രചരണം കാഴ്ചവെച്ചിട്ടുണ്ട്. ന്യൂനപക്ഷ പാർട്ടിയായ എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ തെലങ്കാനയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് തെലങ്കാന ഡി.ജി.പി അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണൽ.