തെലങ്കാനയിൽ ഇന്ന് കൊട്ടിക്കലാശം
|പ്രചരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ
ഹൈദരാബാദ്: തെലങ്കാനയിൽ ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് 5 മണിയോടെ തെഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കും. പ്രചരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.ആർ എന്നിവർ ഇന്ന് വിവിധ സ്ഥലങ്ങളിൽ റോഡ് ഷോ നടത്തും. ബൈക്ക് റാലി ഉൾപ്പെടെ എല്ലാ പ്രചരണ സംവിധാനങ്ങളും ഇന്ന് 5 മണി വരെ സജീവമായി ഉണ്ടാകും.
നവംബര്‍ 30നാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിർത്താൻ എല്ലാ ശ്രമവും നടത്തുന്ന ഭാരത് രാഷ്ട്രസമിതിക്കു വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തുന്നത്. ടി.ആർ.എസ് ഭരണത്തിലെ കുടുംബവാഴ്ച, അഴിമതി എന്നിവയാണ് കോൺഗ്രസ് പ്രചാരണായുധമാക്കുന്നത്. തെലങ്കാന രൂപീകരണം വൈകിപ്പിച്ചവരാണ് കോൺഗ്രസ് എന്ന പ്രചാരണത്തിലൂടെയാണ് ടി.ആർ.എസ് ഇതിനെ തിരിച്ചുനേരിടുന്നത്.
സംസ്ഥാനത്ത് കോൺഗ്രസിനും ബി.ആർ.എസിനും വെല്ലുവിളിയായി ചെറുപാർട്ടികളും രംഗത്തുണ്ട്. 50 സീറ്റുകളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് ചെറുകക്ഷികളാകും. മായാവതിയുടെ ബി.എസ്.പി 111 സീറ്റിലും സി.പി.എം 19 ഇടത്തും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഒൻപതിടത്തും മത്സരിക്കുന്നുണ്ട്. ഇത് 2018ലെ വോട്ടുവിഹിതത്തിൽ ഇടിവുണ്ടാക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.