India
Telangana BJP Chief Bandi Sanjay Kumar against Police Plea To Cancel Bail

Bandi Sanjay Kumar

India

'ഞാനെന്താ തീവ്രവാദിയോ?' ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചതിനെതിരെ തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍

Web Desk
|
12 April 2023 3:08 AM GMT

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ബന്ദി സഞ്ജയ് കുമാര്‍

ഹൈദരാബാദ്: പത്താം ക്ലാസ് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാറങ്കല്‍ പൊലീസ് കോടതിയില്‍. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ബന്ദി സഞ്ജയ് കുമാര്‍ ആരോപിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന്ദി സഞ്ജയ് കുമാര്‍ ജാമ്യം ലഭിച്ച് കരിംനഗര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്- "എന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് എന്തിന് ആവശ്യപ്പെടണം? ഞാൻ തീവ്രവാദിയാണോ? നക്‌സലൈറ്റാണോ? കെ.സി.ആറിന്റെ മകനും മകളും നിയമവിരുദ്ധ മാർഗങ്ങളിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചതുപോലെ എന്തെങ്കിലും ഞാന്‍ ചെയ്തോ?"

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണം തടയാനുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി സർക്കാരിന്റെ നീക്കത്തെയും സഞ്ജയ് കുമാര്‍ പരിഹസിച്ചു- സർക്കാർ ജീവനക്കാർക്ക് മാസത്തിന്റെ ആദ്യ ദിവസം ശമ്പളം നൽകാനും കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം പാലിക്കാനും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. എന്നിട്ട് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനായി ലേലം വിളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്".

തന്‍റെ ഭാര്യയുടെ മാതാവിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുമ്പോഴാണ് നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്തതെന്ന് ബന്ദി സഞ്ജയ് കുമാര്‍ ആരോപിച്ചു. പൊലീസ് തന്‍റെ ഫോണ്‍ കൊണ്ടുപോയി. ബി.ആർ.എസ് എം.എൽ.എമാരുടെയും എം.പിമാരുടെയും കോൾ ലിസ്റ്റ് അടങ്ങിയ തന്‍റെ ഫോൺ കണ്ട് കെ.സി.ആർ ഞെട്ടിപ്പോയെന്നും ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു.

കരീംനഗറിലെ വീട്ടിൽ നിന്ന് ഏറെ നാടകീയതകൾക്കൊടുവിലാണ് ബന്ദി സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് സഞ്ജയ് കുമാറിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. പകപോക്കുകയാണ് ബി.ആര്‍.എസ് സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രിമേന്ദർ റെഡ്ഡി ആരോപിച്ചു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. തന്നെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സഞ്ജയ് കുമാര്‍ ട്വീറ്റ് ചെയ്തതിങ്ങനെ- "ബി.ആർ.എസിന് ഭയമാണ്. ആദ്യം അവർ എന്നെ പ്രസ് മീറ്റ് നടത്തുന്നതിൽ നിന്ന് തടഞ്ഞു. ഇപ്പോൾ രാത്രി വൈകി എന്നെ അറസ്റ്റ് ചെയ്യുന്നു. ഞാന്‍ ചെയ്ത തെറ്റ് ബി.ആർ.എസ് സർക്കാരിന്‍റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യംചെയ്തു എന്നതാണ്. ഞാൻ ജയിലില്‍ അടയ്ക്കപ്പെട്ടാലും ബി.ആർ.എസിനെ ചോദ്യം ചെയ്യുന്നത് നിർത്തരുത്. ജയ് ശ്രീറാം! ഭാരത് മാതാ കീ ജയ്! ജയ് തെലങ്കാന!"

Summary- After Warangal police filed a petition seeking the cancellation of his bail, Telangana BJP president Bandi Sanjay took a dig and said that police were acting according to the directions from Chief Minister K. Chandrashekar Rao

Similar Posts