'ഹിന്ദുക്കളും മുസ്‌ലിംകളും എന്റെ രണ്ട് കണ്ണുകള്‍ പോലെ'; ഇഫ്താറില്‍ മധുരം പങ്കിട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
|'തെലങ്കാനയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഉള്ളതെന്ന് അമിത് ഷായെ താന്‍ ഓര്‍മിപ്പിക്കുകയാണ്'
ഹൈദരാബാദ്: ഹിന്ദുക്കളും മുസ്‌ലിംകളും തന്റെ രണ്ട് കണ്ണുകള്‍ പോലെയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയില്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 4 ശതമാനം സംവരണം തുടരുമെന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുസ്‌ലിം സമുദായത്തിന് ഉറപ്പുനല്‍കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക തങ്ങളുടെ ഉത്തരവാദിത്തമാണ്.
തെലങ്കാനയും ഹൈദരാബാദും വികസിപ്പിക്കാനുള്ള യാത്രയില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മറ്റു സമുദായങ്ങളെയും ഒപ്പം കൂട്ടും. തെലങ്കാനയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഉള്ളതെന്ന് അമിത് ഷായെ താന്‍ ഓര്‍മിപ്പിക്കുകയാണ്. അവിഭക്ത സംസ്ഥാനത്ത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ആരംഭിച്ച 4 ശതമാനം മുസ്‌ലിം ക്വാട്ട ഇല്ലാതാക്കാന്‍ അമിത് ഷാക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കഴില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
ഇഫ്താറില്‍ ഉപമുഖ്യമന്ത്രി ഭാട്ടി വിക്രമാര്‍ക മല്ലു, മറ്റു മന്ത്രിമാര്‍, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം തൊപ്പിയണിഞ്ഞ് രേവന്ത് റെഡ്ഡി മധുരം പങ്കിട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സഹായവിതരണവും നടന്നു.