'പ്രാദേശിക കക്ഷികൾക്ക് വോട്ട് ചെയ്താൽ ബിജെപി ശക്തിപ്പെടും'; മുസ്‍ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് രേവന്ത് റെഡ്ഡി
|'തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിൽ പ്രധാന പങ്കുവഹിച്ചവരാണ് ന്യൂനപക്ഷ സമൂഹങ്ങള്‍. തെലങ്കാന സർക്കാരിന്റെ രണ്ട് കണ്ണുകളാണ് ഹിന്ദുക്കളും മുസ്‌ലിംകളും.'
ഹൈദരാബാദ്: പ്രാദേശിക കക്ഷികൾക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദേശീയ അഖണ്ഡതയ്ക്കായി പരിശ്രമിക്കുന്ന ഗാന്ധി പരിവാറിനൊപ്പം നിൽക്കണോ, അതോ രാജ്യത്തെ വിഭജിക്കുന്ന മോദി പരിവാറിനൊപ്പം നിൽക്കണോ എന്നത് മുസ്‌ലിംകൾ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈദരാബാദിലെ രവീന്ദ്ര ഭാരതിയിൽ നടന്ന മൗലാന അബുൽ കലാം ആസാദ് സ്മാരക പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.
'ഇന്ന് രാജ്യത്ത് രണ്ട് പരിവാറുകളാണുള്ളത്. ഒന്ന് മോദി പരിവാറും മറ്റൊന്ന് ഗാന്ധി പരിവാറുമാണ്. മോദി പരിവാർ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം സൃഷ്ടിക്കാനും ശ്രമിക്കുമ്പോൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടിയാണ് ഗാന്ധി പരിവാർ പരിശ്രമിക്കുന്നത്. കോൺഗ്രസ് ഒരിക്കലും മുസ്‌ലിംകളെ വോട്ടിങ് മെഷീനോ വോട്ട് ബാങ്കോ ആയി കണ്ടിട്ടില്ല. സഹോദരീ സഹോദരന്മാരെപ്പോലെയാണു പെരുമാറിയിട്ടുള്ളത്.'-രേവന്ത് പറഞ്ഞു.
'മോദി പരിവാർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങൾ മഹാരാഷ്ട്രയിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പരിശ്രമിക്കണം. രാജ്യത്തെ എല്ലാ സമൂഹങ്ങൾക്കും നീതി പുലർത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂ. മോദിയെ പരാജയപ്പെടുത്തി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുംവരെ ആരും വിശ്രമിക്കാൻ നിൽക്കരുത്.'
തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിൽ പ്രധാന പങ്കുവഹിച്ചവരാണ് ന്യൂനപക്ഷ സമൂഹങ്ങളെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സർക്കാരിന്റെ രണ്ട് കണ്ണുകളാണ് ഹിന്ദുക്കളും മുസ്‌ലിംകളും. എല്ലാ സമുദായങ്ങളുടെയും ആരോഗ്യ-വിദ്യാഭ്യസ നിലവാരം ശക്തിപ്പെടുത്തി, എല്ലാവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു വികസനത്തിന്റെ പാതയിലൂടെ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
അതേസമയം, നിയമസഭയിലേക്ക് മുസ്‌ലിം സമുദായത്തിൽനിന്ന് ഒരാളും തെരഞ്ഞെടുക്കപ്പെടാത്തതുകൊണ്ടാണ് ആരും മന്ത്രിസഭയിലില്ലാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, മുതിർന്ന നേതാവായ ശബീർ അലിയെ ഞങ്ങൾ സർക്കാർ ഉപദേഷ്ടാവായും ആമിർ അലി ഖാനെ എംഎൽസിയായും നിയമിച്ചു. വിവിധ കോർപറേഷനുകളിലും ന്യൂനപക്ഷങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ന്യൂനപക്ഷ വിഭാഗക്കാരനായ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. രാജ്യത്തെങ്ങും മുഖ്യമന്ത്രിമാരും മന്ത്രിമാരും ആകാൻ മുസ്‌ലിംകൾക്ക് അവസരം നൽകിയത് കോൺഗ്രസ് ആണെന്നും തെലങ്കാന മുഖ്യമന്ത്രി അവകാശപ്പെട്ടു.
Summary: Telangana CM Revanth Reddy urges Muslim community to choose between 'Gandhi Parivar' or 'Modi Parivar'