തെലങ്കാനയിൽ കർഷകന്റെ ശരീരത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത് 300 കിഡ്‌നി സ്‌റ്റോണുകൾ
|കരീം നഗറിലെ 75 കാരനായ കർഷകൻ എം. രാം റെഡ്ഡിയുടെ വൃക്കയിൽനിന്നാണ് 300 കല്ലുകൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കിയത്.
ഹൈദരാബാദ്: തെലങ്കാനയിൽ കർഷകന്റെ ശരീരത്തിൽനിന്ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 300 കിഡ്‌നി സ്‌റ്റോണുകൾ. കരീം നഗർ സ്വദേശിയായ എം. രാം റെഡ്ഡി ശരീരത്തിന്റെ പിൻഭാഗത്തും ചണ്ണയിലും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. സ്‌കാനിങ് നടത്തിയപ്പോഴാണ് ഏഴ് സെന്റീ മീറ്റർ വരെ നീളമുള്ള കല്ലുകളുടെ വൻ ശേഖരം വലത് കിഡ്‌നിയിൽ കണ്ടെത്തിയത്.
''ഏഴ് എം.എം മുതൽ 15 എം.എം വരെയുള്ള കല്ലുകൾ രോഗികളിൽ സാധാരണ കണ്ടുവരാറുണ്ട്. എഴ് സെന്റീ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള കല്ലുകൾ വളരെ വലുതും രോഗികൾക്ക് കടുത്ത വേദനയുണ്ടാക്കുന്നതുമാണ്. പ്രായാധിക്യവും പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു''-ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്റ് യൂറോളജിയിലെ യൂറോളജിസ്റ്റായ ഡോ. മുഹമ്മദ് തായിഫ് ബെന്ദിഗെരി പറഞ്ഞു.
300 കല്ലുകളും താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേ ദിവസം തന്നെ റെഡ്ഡി ആശുപത്രി വിട്ടെന്നും ഡോ. തായിഫ് പറഞ്ഞു.