തക്കാളി വിറ്റ് കോടീശ്വരനായി തെലങ്കാന സ്വദേശി
|തെലങ്കാന സ്വദേശി മഹിപാൽ റെഡ്ഡിക്കാണ് തക്കാളിയിലൂടെ ഭാഗ്യം തെളിഞ്ഞത്.
ഹൈദരാബാദ്: പത്താംക്ലാസ് തോറ്റ് പഠനം നിർത്തിയ തെലങ്കാന സ്വദേശി മഹിപാൽ റെഡ്ഡി ഇന്ന് കോടീശ്വരനാണ്. സ്കൂളിനോട് ബൈ പറഞ്ഞ റെഡ്ഡി പിന്നെ കൃഷിയിൽ ശ്രദ്ധിക്കാൻ തുടങ്ങി. ആദ്യം കൈവെച്ച നെൽക്കൃഷി വലിയ ലാഭം കൊടുത്തില്ല. ഒടുവിൽ വർഷങ്ങൾക്കിപ്പുറം നാൽപ്പതാം വയസിൽ, ഒരുമാസം കൊണ്ട് തക്കാളി വിറ്റ് സ്വന്തമാക്കിയത് 1.8 കോടി രൂപ.
'ടൈംസ് ഓഫ് ഇന്ത്യ'യാണ് തെലങ്കാനയിലെ മേദക്കിലെ കൗഡിപള്ളി സ്വദേശിയായ മഹിപാൽ റെഡ്ഡിയുടെ വാർത്ത റിപ്പോർട്ട് ചെയ്തത്. തക്കാളിക്ക് വില കൂടിയതും ആന്ധ്രാപ്രദേശിൽ തക്കാളി ലഭ്യത കുറഞ്ഞതുമാണ് മഹിപാലിന് നേട്ടമായത്.
ഈ സീസണിൽ എട്ട് ഏക്കറോളം സ്ഥലത്താണ് മഹിപാൽ തക്കാളി കൃഷി ചെയ്തിരുന്നത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ കിലോക്ക് 100 രൂപയിൽ കൂടുതലാണ് മഹിപാലിന് ലഭിച്ചത്. 25 കിലോയിൽ അധികം വരുന്ന ഏകദേശം 7000 പെട്ടികൾ ഇതിനകം വിറ്റിട്ടുണ്ടെന്ന് മഹിപാൽ പറഞ്ഞു.