ഒമിക്രോൺ: തെലങ്കാനയിൽ ജനുവരി രണ്ടുവരെ റാലികൾക്കും പൊതുപരിപാടികൾക്കും നിയന്ത്രണം
|മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, പ്രവേശനസ്ഥലത്ത് ഐആർ തെർമോമീറ്റർ/തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ഇൻഡോർ പരിപാടികൾക്ക് അനുമതി.
ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതുപരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
കടുത്ത നിയന്ത്രണങ്ങളോടെ ഇൻഡോർ പരിപാടികൾക്ക് അനുമതിയുണ്ട്. മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, പ്രവേശനസ്ഥലത്ത് ഐആർ തെർമോമീറ്റർ/തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ഇൻഡോർ പരിപാടികൾക്ക് അനുമതി. നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർ പിഴ അടക്കേണ്ടിവരും. ജില്ലാ കലക്ടർമാരും ജില്ലാ മജിസ്‌ട്രേറ്റുമാരും പൊലീസ് കമ്മീഷണർമാരും കർശന നിരീക്ഷണം നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. തെലുങ്കാനയിൽ ഇതുവരെ 38 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.