
ചാമ്പ്യൻസ് ട്രോഫി വിജയം ആഘോഷിക്കാൻ തെലങ്കാന സര്‍ക്കാര്‍ ജനങ്ങളെ അനുവദിച്ചില്ല; ആരാധകരെ പൊലീസ് അടിച്ചോടിച്ചെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി

കോൺഗ്രസ് ഈ ആരോപണങ്ങളെ നിഷേധിച്ചു
ഹൈദരാബാദ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയം ആഘോഷിക്കാൻ തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ആളുകളെ അനുവദിച്ചില്ലെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി തിങ്കളാഴ്ച ആരോപിച്ചു. എന്നാൽ കോൺഗ്രസ് ഈ ആരോപണങ്ങളെ നിഷേധിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കൂടിയായ കിഷൻ റെഡ്ഡി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തു. അതിൽ ചില പൊലീസുകാർ യുവാക്കളെ ലാത്തി ഉപയോഗിച്ച് ഓടിക്കുന്നത് കാണാം."ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി 2025 വിജയാഘോഷങ്ങൾ തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ തടയുന്നത് ഇങ്ങനെയാണ്. ലജ്ജാകരം!" അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഞായറാഴ്ച രാത്രി ദിൽസുഖ് നഗറിൽ ക്രിക്കറ്റ് ആരാധകരെ പൊലീസ് ഓടിച്ചതായും ചൂരൽ പ്രയോഗം നടത്തിയതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് ലാത്തി ചാർജ് നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ വേണ്ടിയാണ് പൊലീസുകാർ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതെന്ന് വ്യക്തമാക്കി. "അവർ റോഡുകൾ തടയുക മാത്രമല്ല, രണ്ട് ആംബുലൻസുകളുടെ ഗതാഗതവും തടസ്സപ്പെടുത്തി. ആംബുലൻസുകൾക്ക് വഴിമാറിക്കൊടുക്കാൻ പൊലീസ് അവരെ (റോഡിൽ തടിച്ചുകൂടിയ ആളുകളെ) പിരിച്ചുവിട്ടു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
ദുബൈയിൽ നടന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലാന്‍റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് രാജ്യമെങ്ങും ആഘോഷം പൊടിപൊടിച്ചു. ഞായറാഴ്ച ഹൈദരാബാദിലെ വിവിധ ഇടങ്ങളിലും ആഘോഷം നടന്നിരുന്നു. ദിൽസുഖ് നഗറിൽ ക്രമസമാധാനം നിയന്ത്രിക്കാൻ നടത്തിയ പൊലീസ് നടപടിയെക്കുറിച്ച് കിഷൻ റെഡ്ഡി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇന്ത്യ വിജയിക്കുന്നതിൽ കോൺഗ്രസ് സർക്കാർ ഉത്സാഹം കാണിക്കുന്നില്ലെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് എംപി ചല കിരൺ കുമാര്‍ റെഡ്ഡി ആരോപിച്ചു.