ഭാര്യ മട്ടൻകറിയുണ്ടാക്കി നൽകിയില്ല, നൂറിൽ വിളിച്ച് ആറു തവണ പരാതിപ്പെട്ടു; യുവാവിനെ പൊക്കി പൊലീസ്
|മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി വന്ന നവീൻ മട്ടൻകറി വച്ചുതരാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു.
ഹൈദരാബാദ്: ഭാര്യ മട്ടൻകറിയുണ്ടാക്കി നൽകിയില്ലെന്ന് വിളിച്ചു പരാതിപ്പെട്ട യുവാവിനെ കൈയോടെ പൊക്കി പൊലീസ്. നൽഗൊണ്ടയിലെ നവീൻ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മട്ടൻകറി വച്ചു തന്നില്ലെന്ന് പറഞ്ഞ് പൊലീസ് കൺട്രോൾ നമ്പറായ നൂറിൽ ആറു തവണയാണ് ഇയാൾ പരാതിപ്പെട്ടത്. തെലങ്കാന ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നവീൻ ആദ്യമായി വിളിച്ചപ്പോൾ അബദ്ധവശാൽ വന്ന വിളിയാണ് എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിളി നിന്നില്ല. ആറു തവണ യുവാവ് നൂറിൽ ഡയൽ ചെയ്ത് കാര്യം പറഞ്ഞു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ അലർട്ടായത്.
ചെർല ഗൗരാരാം ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി പൊലീസെത്തിയപ്പോൾ നവീൻ നല്ല ഫിറ്റാണ്. തിരിച്ചു പോയ പൊലീസ് ശനിയാഴ്ച രാവിലെ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ പിറ്റേന്ന് നൂറിൽ വിളിച്ച് പരാതി പറഞ്ഞത് നവീന് ഓർമയുണ്ടായിരുന്നില്ല എന്നതാണ് കൗതുകകരം. വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി വന്ന നവീൻ മട്ടൻകറി വച്ചുതരാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഭാര്യ പറ്റില്ലെന്ന് പറഞ്ഞു. വഴക്കു മൂത്തതോടെ നവീൻ നൂറ് ഡയൽ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 290, 510 വകുപ്പുകൾ പ്രകാരമാണ് പൊലീസ് നവീനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ചുമത്തുന്ന വകുപ്പുകളാണ് ഇത്. ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്ക് നമ്പര്‍ 100 ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ ്അഭ്യര്‍ത്ഥിച്ചു.