India
ഓപ്പറേഷന്‍ ഫാം ഹൗസ് ഞെട്ടിക്കുന്നത്; എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത് 250 കോടി, ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡി, സി.ബി.ഐ കേസുകള്‍
India

'ഓപ്പറേഷന്‍ ഫാം ഹൗസ്' ഞെട്ടിക്കുന്നത്; എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത് 250 കോടി, ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡി, സി.ബി.ഐ കേസുകള്‍

ijas
|
27 Oct 2022 10:43 AM GMT

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ക്രിമിനല്‍ കേസുകളും ഇ.ഡി, സി.ബി.ഐ എന്നിവരുടെ അന്വേഷണവുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി ടി.ആര്‍.എസ് എം.എല്‍.എ

തെലങ്കാന: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം പുറത്തുവന്നതോടെ എം.എല്‍.എമാരുടെ മൊഴികളില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ടി.ആര്‍.എസിന്‍റെ നാല് എം.എല്‍.എമാരെ പണം നല്‍കി ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ടി.ആര്‍.എസ് എം.എല്‍.എമാര്‍ തന്നെ നേരിട്ടിടപ്പെട്ട് പൊളിച്ചത്. സംഭവത്തില്‍ അസീസ് നഗറിലെ ഫാം ഹൗസ് റെയ്ഡ് ചെയ്ത സൈബറാബാദ് പൊലീസ് മൂന്ന് പേരെ അറസ്റ്റുചെയ്തു.

ഹരിയാനയിലെ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ സതീഷ് ശര്‍മ്മ എന്ന രാമചന്ദ്ര ഭാരതി, ആന്ധ്ര തിരുപതിയിലെ പൂജാരി ഡി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാര്‍ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്നുപേരും അസീസ് നഗറിലെ ഫാം ഹൗസിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറില്‍ നിന്നും 15 കോടി പണം പൊലീസ് പിടിച്ചെടുത്തു. ഇവര്‍ മൂന്നു പേരും ടി.ആര്‍.എസ് എം.എല്‍.എമാരായ പൈലറ്റ് രോഹിത് റെഡ്ഡി, ബി ഹര്‍ഷവര്‍ദ്ധന്‍ റെഡ്ഡി, ജി ബാല്‍രാജു, രേഖ കാന്ത റാവു എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. ടി.ആര്‍.എസ് എം.എല്‍.എമാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഓപ്പറേഷന് പദ്ധതിയിടുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതെ സമയം ബി.ജെ.പിയില്‍ ചേരുന്നതിന് വേണ്ടി നാല് എം.എല്‍.എമാര്‍ക്കുമായി 250 കോടിയാണ് വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് തെലങ്കാന സര്‍ക്കാര്‍ 'ദ ക്വിന്‍റിനോട്' വെളിപ്പെടുത്തി. പൈലറ്റ് രോഹിത് റെഡ്ഡിക്ക് 100 കോടിയും മറ്റു മൂന്ന് എം.എല്‍.എമാര്‍ക്ക് 50 കോടി വീതവുമാണ് വാഗ്ദാനം ചെയ്തതെന്നാണ് സൈബറാബാദ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഇവര്‍ക്ക് വലിയ പണം വാഗ്ദാനം ചെയ്തതിന്‍റെ ഓഡിയോ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും ടി.ആര്‍.എസ് നേതാക്കളെ ഉദ്ധരിച്ച് 'ദ ക്വിന്‍റ്' റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ പ്രതിനിധീകരിച്ചാണ് തങ്ങള്‍ വന്നതെന്ന് ഏജന്‍റുമാര്‍ പറഞ്ഞതായി 'ദ ക്വിന്‍റ്' വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തി.

നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്കും പണത്തിന് പുറമേ മറ്റു കേന്ദ്ര സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളും കേന്ദ്ര സര്‍ക്കാര്‍ പദവിയില്‍ ഉന്നത ജോലികളും വാഗ്ദാനം ചെയ്തിരുന്നതായും ടി.ആര്‍.എസ് എം.എല്‍.എ രോഹിത് റെഡ്ഡി പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ക്രിമിനല്‍ കേസുകളും ഇ.ഡി, സി.ബി.ഐ എന്നിവരുടെ അന്വേഷണവുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നവംബര്‍ മൂന്നിന് മുനുഗോഡ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം നടക്കുന്നത്. മുനുഗോഡ് മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിന്‍റെ മറവിലാണ് ബി.ജെ.പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. നാല് ടി.ആര്‍.എസ് എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തി മറ്റു ടി.ആര്‍.എസ് എം.എല്‍.എമാരെ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി ശ്രമം നടത്തിയതെന്ന് ടി.ആര്‍.എസ് നേതാക്കള്‍ പറയുന്നു.

അതെ സമയം ടി.ആര്‍.എസ് നേതാക്കളുടെ ആരോപണം ബി.ജെ.പി നിഷേധിച്ചു. ബി.ജെ.പി കുതിര കച്ചവടം നടത്താറില്ലെന്നും അറസ്റ്റിലായ ആര്‍ക്കും ബി.ജെ.പിയുമായി ബന്ധമില്ലെന്നും എല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും ബി.ജെ.പി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു. അതിനിടെ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ ആര്‍.എസ്.എസ് ബന്ധവും പുറത്തുവന്നിട്ടുണ്ട്. അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുപ്പമുള്ള കൂടെ യാത്ര ചെയ്ത ആളാണ് ഇയാളെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ക്വിന്‍റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Posts