India
telangana police registers uapa case against malayali journalist
India

മലയാളി മാധ്യമപ്രവർത്തകനും ആക്ടിവിസ്​റ്റുകൾക്കുമെതിരെ ​യു.എ.പി.എ ചുമത്തി തെലങ്കാന പൊലീസ്

Web Desk
|
22 Sep 2023 9:38 AM GMT

മുതിർന്ന മാധ്യമപ്രവർത്തകനും 'മലബാർ ജേർണൽ' എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ്​ അടക്കമുള്ളവർക്കെതിരെ യു.എ.പി.എ ചുമത്തിയതായി 'ഈനാട്' പത്രമാണ് റിപ്പോർട്ട് ചെയ്തത്.

കോഴിക്കോട്​: മലയാളി മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ തെലങ്കാന പൊലീസ്​ യു.എ.പി.എ കേസ്​ ചുമത്തിയതായി 'ഈനാട്' പത്രം റിപ്പോർട്ട് ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകനും 'മലബാർ ജേർണൽ' എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ്​ അടക്കം ഏഴ്​ മലയാളികളെ കേസിൽ ഉൾപ്പെടുത്തിയതായാണ്​ വാർത്ത. മാർക്​സിസ്​റ്റ്​ ചിന്തകനും എഴുത്തുകാരനുമായ കെ. മുരളി (അജിത്ത്​), മനുഷ്യാവകാശ പ്രവർത്തകൻ സി.പി. റഷീദ്​, സി.പി. ഇസ്​മായിൽ, സി.പി. മൊയ്​തീൻ (മലപ്പുറം), പ്രദീപ്​, വർഗീസ്​ എന്നിവരാണ്​ പ്രതിപ്പട്ടികയിലുളള മലയാളികൾ.

സെപ്​റ്റംബർ 15ന്​ സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഞ്​ജയ്​ ദീപക്​ റാവുവിനെ ​തെലങ്കാന പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതേതുടർന്നാണ്​ 23 പേർക്കെതിരെ പുതിയ യു.എ.പി.എ കേസ്​ ചുമത്തിയതെന്ന്​ സെപ്റ്റംബർ 21ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

യു.എ.പി.എയുടെ സെക്​ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്​ഷൻ 25 പ്രകാരവുമാണ്​ കേസ്​. കേസിൽ ‘ഉയർന്ന മാവോയിസ്​റ്റ്​ നേതാക്കൾ’ എന്ന വിഭാഗത്തിൽ നമ്പല്ല കേശവ റാവു, മുപ്പല്ല ലക്ഷ്​​ൺ റാവു, മല്ലരാജ റെഡ്​ഡഢി തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ്​ കെ. മുരളിയുടെ പേരുള്ളത്​. ‘മറ്റ്​ നേതാക്കൾ’ എന്ന വിഭാഗത്തിലാണ്​ സേതുനാഥിന്റെ ഉൾപ്പടെയുള്ള പേരുകളുള്ളത്​. ബഹുജന സംഘടനകളയുടെ നേതാക്കൾ എന്ന്​ വിശേഷിപ്പിച്ച്​ തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ട്​.

'ഈനാട്' വാർത്ത പങ്കുെവച്ച്​, തന്റെ പേര്​ യു.എ.പി.എ കേസിൽ വന്നതിനെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ എൻ. വേണുഗോപാൽ ഫേസ്​ബുക്കിൽ കുറിപ്പിട്ടതോടെയാണ്‌ വിവരം പലരുമറിഞ്ഞത്.

സാംസ്​കാരിക സംഘടനയായ ‘വിരാസം ’നേതാവ്​ എന്ന നിലക്കാണ്​ വേണുഗോപാലിനെ കേസിൽ പ്രതിയാക്കിയത്​. എന്നാൽ 14 വർഷം മുമ്പ്​ ‘വിരാസം’ വിട്ട തനിക്ക്​ ഒരു സംഘടനയുമായും ബന്ധമില്ലെന്ന്​ വേണുഗോപാൽ പറഞ്ഞു. മുമ്പ്​ രണ്ട്​ തവണ യു.എ.പി.എ കേസ്​ തനിക്കെതിരെ ചുമത്താൻ തെലങ്കാന ​പൊലീസ്​ ശ്രമിച്ചെങ്കിലും ഹൈകോടതി രണ്ടുകേസുകളും തള്ളിയതായും വേണുഗോപാൽ ഫേസ്​ബുക്കിൽ പറഞ്ഞു.

ആരോ യോഗം ചേർന്ന് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നവരെ അർബൻ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്താൻ തീരുമാനിച്ചു എന്നാണ് ആരോപണമെന്നും, തങ്ങൾ പങ്കെടുത്ത യോഗമല്ല, അതിന്റെ തീരുമാനം ആരെങ്കിലും അംഗീകരിച്ചിട്ടുമില്ലെന്നും കെ. മുരളി പ്രതികരിച്ചു.

Similar Posts