പുഴുവിനെ കണ്ടെത്തിയ സംഭവം; ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ സുരക്ഷിതമല്ലെന്ന് തെലങ്കാന
|ചോക്ലേറ്റില്‍ കണ്ട വെളുത്ത പുഴുക്കളുടെ സാന്നിധ്യം കാരണം സാമ്പിൾ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറിയുടെ റിപ്പോർട്ട് പറയുന്നു
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ വിറ്റ കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളില്‍ വെളുത്ത പുഴുക്കളെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. സംഭവം ചര്‍ച്ചയായതിനു പിന്നാലെ കാഡ്ബറി കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ് തെലങ്കാന സ്റ്റേറ്റ് ഫുഡ് ലാബോറട്ടറി.
ചോക്ലേറ്റില്‍ കണ്ട വെളുത്ത പുഴുക്കളുടെ സാന്നിധ്യം കാരണം സാമ്പിൾ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറിയുടെ റിപ്പോർട്ട് പറയുന്നു. ഹൈദരാബാദ് സ്വദേശിയായ റോബിന് സാച്ചൂസ് എന്നയാള്‍ ഹൈദരാബാദിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ യുവാവ് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപ കൊടുത്ത് വാങ്ങിയ ചോക്ലേറ്റിന്റെ ബില്ലും ഷെയര്‍ ചെയ്തിരുന്നു.
തൊട്ടുപിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് കാഡ്ബറിയും രംഗത്തെത്തി. "ഹായ്, മൊണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (കാഡ്ബറി ഇന്ത്യ ലിമിറ്റഡ്) എപ്പോഴും ഉയർന്ന നിലവാരം പുലർത്താൻ ശ്രമിക്കുന്നു. നിങ്ങൾക്ക് അസുഖകരമായ അനുഭവം ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു.നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ദയവായി നിങ്ങളുടെ മുഴുവൻ പേര്, വിലാസം, ഫോൺ നമ്പർ, വാങ്ങൽ വിശദാംശങ്ങൾ എന്നിവ നൽകിക്കൊണ്ട് Suggestions@mdlzindia.com എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക'' എന്നാണ് കമ്പനി കുറിച്ചത്.